ഇറാനെ ആക്രമിക്കുന്നതിൽ പങ്കാളികളായ യു.എസ് യുദ്ധവിമാനങ്ങൾക്ക് വ്യോമപാത വിലക്കി സ്പെയിൻ

മാഡ്രിഡ്: ഇറാനെ ആക്രമിക്കുന്നതിൽ പങ്കാളികളായ അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി സ്പെയിൻ. പശ്ചിമേഷ്യയിലെ യു.എസ്-ഇസ്രായേൽ സൈനിക നടപടികളോടുള്ള കടുത്ത വിയോജിപ്പ് ആവർത്തിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സർക്കാർ ഈ നിർണായക തീരുമാനമെടുത്തത്. സ്പെയ്നിലെ സംയുക്ത സൈനിക താവളങ്ങൾ ഇറാൻ വിരുദ്ധ നീക്കങ്ങൾക്കായി ഉപയോഗിക്കുന്നത് നേരത്തെ തന്നെവിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വ്യോമപാതയിൽ പ്രവേശിക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തിയത്.

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ഒരു നീക്കത്തിനും സ്പെയിനിന്റെ മണ്ണോ ആകാശമോ വിട്ടുനൽകില്ലെന്ന് പ്രതിരോധ മന്ത്രി മാർഗരീറ്റ റോബിൾസാണ് തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ ഒരു യുദ്ധത്തിലും തങ്ങൾ പങ്കുചേരില്ലെന്ന് സാമ്പത്തിക മന്ത്രിയായ കാർലോസ് ക്യൂർപോയും പ്രസ്താവിച്ചു. ഇറാനെതിരായ യു.എസ്-ഇസ്രായേൽ നീക്കങ്ങളെ 'അവിവേകവും നിയമവിരുദ്ധവുമയ യുദ്ധം' എന്നാണ് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വിശേഷിപ്പിച്ചത്. അൻഡലൂഷ്യയിലെ മൊറോൺ, റോട്ട എന്നീ സംയുക്ത സൈനിക താവളങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് നേരത്തെതന്നെ വാഷിങ്ടണിനെ സ്പെയിൻ വിലക്കിയിരുന്നു. ഇതിൽ പ്രകോപിതനായ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്പെയിനിന് സമ്പൂർണ വ്യാപാര ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും വഴങ്ങില്ലെന്ന നിലപാടിലാണ് മാഡ്രിഡ്.

യുദ്ധം അമേരിക്ക തുടങ്ങിയതാണെന്നും അതിന്റെ പരിണിതഫലങ്ങൾ അവർതന്നെ അനുഭവിക്കണമെന്നുമാണ് യൂറോപ്യൻ യൂണിയന്റെ പൊതുനിലപാട്. ഹോർമുസ് കടലിടുക്ക് തുറക്കാൻ സഖ്യകക്ഷികളുടെ സഹായം തേടിയ ട്രംപിന്റെ അഭ്യർഥന യൂറോപ്യൻ രാജ്യങ്ങൾ തള്ളിയിരുന്നു.

Tags:    
News Summary - Spain bans airspace for US warplanes involved in attacking Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.