"ഭരണമാറ്റം ഇറാനിലല്ല സംഭവിക്കുക, അമേരിക്കയിൽ...ഇവിടെ രാജാക്കന്മാരില്ലല്ലോ..‍?" -ട്രംപിനെതിരെ സഹോദരപുത്രി മേരി ട്രംപ്

വാഷിങ്ടൺ: ഇറാനിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ രൂക്ഷമായി പരിഹസിച്ച് അദ്ദേഹത്തിന്റെ സഹോദരപുത്രിയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ മേരി എൽ. ട്രംപ്. ഒരു മാസത്തോളമായി ഇറാനുനേരെ നടത്തുന്ന യു.എസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനിൽ ഭരണമാറ്റം യാഥാർഥ്യമായെന്ന് ട്രംപ് അവകാശമാദമുന്നയിച്ചിരുന്നു. അതിനെ എതിർത്തുകൊണ്ടാണ് മേരി ട്രംപ് സമൂഹമാധ്യമമായ എക്സിലൂടെ ശകതമായി പ്രതികരിച്ചത്. ട്രംപിന്റെ നടപടികൾ അദ്ദേഹത്തെ തന്നെ തിരിഞ്ഞുകുത്തുമെന്ന് അവർ കുറിച്ചു.

"ഡോണൾഡിന് ഉടൻതന്നെ ഒരു ഭരണമാറ്റം കാണാൻ സാധിക്കും, പക്ഷേ അത് ഇറാനിലായിരിക്കില്ല, മറിച്ച് ഇവിടെ അമേരിക്കയിലായിരിക്കും. ഇവിടെ രാജാക്കന്മാരില്ലെന്ന് അദ്ദേഹം ഓർക്കുന്നത് നന്നായിരിക്കും," സന്ദേശത്തിലൂടെ അവർ തുറന്നടിച്ചു.

ഇറാനിൽ ബോംബാക്രമണം നടത്തുന്നത് അവിടുത്തെ ജനങ്ങളെ മോചിപ്പിക്കാനല്ല, മറിച്ച് ട്രംപിന്റെ വ്യക്തിപരമായ താൽപര്യങ്ങൾ സംരക്ഷിക്കാനാണ്. ഈ യുദ്ധം കോടിക്കണക്കിന് ഡോളറുകൾ പാഴാക്കുകയും അനേകം മനുഷ്യജീവനുകൾ ആപത്തിലാക്കുകയും ചെയ്യും. താൻ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലാണെന്ന് ട്രംപിന് ബോധ്യമുണ്ടെന്നും ആ നാണക്കേടിൽനിന്ന് രക്ഷപ്പെടാനുള്ള തീവ്രശ്രമമാണ് ട്രംപിന്റെ ഈ നീക്കങ്ങൾക്ക് പിന്നിലെന്നും അവർ തന്റെ യൂട്യൂബ് ചാനലിലൂടെയും രൂക്ഷമായി വിമർശിച്ചു.

കൊല്ലപ്പെട്ട ഇറാനിയൻ നേതാക്കളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് ഇറാനിൽ ഭരണമാറ്റം സംഭവിച്ചുവെന്ന് ട്രംപ് എയർഫോഴ്സ് വണ്ണിൽവെച്ച് പ്രഖ്യാപിച്ചത്. ഇറാനിലെ പുതിയൊരു വിഭാഗവുമായാണ് ഇപ്പോൾ ആശയവിനിമയം നടത്തുന്നതെന്നും, ഇത് ഭരണമാറ്റത്തിന് തുല്യമാണെന്നുമായിരുന്നു ട്രംപിന്റെ വാദം. ഇതിനെയാണ് മേരി ട്രംപ് ശക്തമായി ചോദ്യം ചെയ്തത്. പ്രശസ്ത എഴുത്തുകാരി കൂടിയായ മേരി ട്രംപ് ഡോണൾഡ് ട്രംപിന്റെ രാഷ്ട്രീയ നയങ്ങളുടെയും വ്യക്തിത്വത്തിന്റെയും കടുത്ത വിമർശകയാണ്.

Tags:    
News Summary - "Regime change won't happen in Iran, it will happen in America...there are no kings here.." -Niece Mary Trump mocks Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.