ജകാർത്ത: ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാൻ ആദ്യത്തെ സംയുക്ത നാവികാഭ്യാസം ആരംഭിച്ചു. മേഖലയിലെ ചൈനയുടെ ആധിപത്യ ശ്രമങ്ങൾക്കെതിരെ അംഗരാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നാവികാഭ്യാസത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
‘ആസിയാൻ സോളിഡാരിറ്റി എക്സർസൈസ്’ എന്നു പേരിട്ടിരിക്കുന്ന, യുദ്ധസന്നാഹങ്ങളില്ലാത്ത നാവികാഭ്യാസത്തിൽ സംയുക്ത സമുദ്ര നിരീക്ഷണ പ്രവർത്തനങ്ങൾ, മാനുഷിക, ദുരിതാശ്വാസ സഹായ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഇന്തോനേഷ്യൻ സൈനിക മേധാവി അഡ്മിറൽ യുഡോ മർഗോണോ പറഞ്ഞു. ഇന്തോനേഷ്യയിലെ നതുനാ സമുദ്രത്തിലാണ് അഞ്ചു ദിവസത്തെ സൈനികാഭ്യാസം നടക്കുന്നത്. ആസിയാൻ രാജ്യങ്ങൾക്കിടയിൽ സൈനിക സഹകരണം വർധിപ്പിക്കുന്നതിനാണ് നാവികാഭ്യാസമെന്നും സൈനിക മേധാവി പറഞ്ഞു.
ആസിയാൻ രാജ്യങ്ങൾ നേരത്തേ അമേരിക്കയും ചൈനയുമായും സഹകരിച്ച് നാവികാഭ്യാസങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, ഈ കൂട്ടായ്മ ഒറ്റക്ക് നാവികാഭ്യാസം നടത്തുന്നത് ആദ്യമായാണ്. ചൈനക്കുള്ള മുന്നറിയിപ്പായാണ് നിരീക്ഷകർ ഈ നീക്കത്തെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.