യു.എസ് വിസ, കുടിയേറ്റ ഫീസുകൾ വർധിപ്പിച്ചു: പുതിയ നിരക്കുകൾ ഒക്ടോബർ 16 മുതൽ

വാഷിങ്ടൺ:  യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പല കുടിയേറ്റ അപേക്ഷകളുടെയും ഫീസ് 2026 ഒക്ടോബർ 16 മുതൽ വർധിപ്പിക്കാൻ ഒരുങ്ങുന്നു. 'എച്ച്.ആർ. 1'നിയമപ്രകാരമുള്ള പണപ്പെരുപ്പ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ മാറ്റം. ഒക്ടോബർ 16നോ അതിനു ശേഷമോ പോസ്റ്റ്മാർക്ക് ചെയ്യുന്ന അപേക്ഷകളിൽ പുതുക്കിയ ഫീസ് അടച്ചിരിക്കണമെന്നും അല്ലാത്തപക്ഷം അപേക്ഷകൾ നിരസിക്കപ്പെടാമെന്നുമാണ് ഫെഡറൽ രജിസ്റ്ററിന്റെ ഔദ്യോഗിക അറിയിപ്പ്.

അഭയം, തൊഴിൽ അനുമതി, താൽക്കാലിക സംരക്ഷിത പദവി, ഇമിഗ്രേഷൻ പരോൾ എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകളെയാണ് ഫീസ് വർധന ബാധിക്കുക.  വാർഷിക അഭയ അപേക്ഷാ ഫീസ് 102 ഡോളറിൽ നിന്ന് 105 ഡോളറായി ഉയരും. ഫോം I-131 വഴിയുള്ള ഇമിഗ്രേഷൻ പരോൾ ഫീസ് 1,020 ഡോളറിൽ നിന്ന് 1,050 ഡോളറായി വർധിക്കും. നിർദ്ദിഷ്ട അഭയാർഥി അപേക്ഷകർ, പരോൾ അപേക്ഷകർ, ടി.പി.എസ് ഗുണഭോക്താക്കൾ എന്നിവർക്കുള്ള ആദ്യത്തെ തൊഴിൽ അനുമതി ഫീസ് 560 ഡോളറിൽ നിന്ന് 570 ഡോളറാകും. ടി.പി.എസ് അപേക്ഷകൾക്കുള്ള ഫോം I-821 ഫീസ് 510 ഡോളറിൽ നിന്ന് 520 ഡോളറായി ഉയരും.

EB-5 ഇൻവെസ്റ്റർ വിസ ഫീസിൽ വൻ വർധനവ്

ഇതിനുപുറമേ, ഇബി-5 (EB-5) ഇമിഗ്രന്റ് ഇൻവെസ്റ്റർ പ്രോഗ്രാമിനായി യു.എസ്‌.സി‌.ഐ‌.എസ് പുതിയ ഫീസ് നിയമം അന്തിമമാക്കിയിട്ടുണ്ട്. ഇത് 2026 നവംബർ 30 മുതൽ പ്രാബല്യത്തിൽ വരും. യോഗ്യരായ വിദേശ നിക്ഷേപകർക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും യു.എസിൽ സ്ഥിരതാമസത്തിന് വഴിയൊരുക്കുന്നതാണ് ഈ പ്രോഗ്രാം.

പുതിയ നിയമപ്രകാരം, ഇൻഡിവിജ്വൽ ഇബി-5 നിക്ഷേപകർ ഉപയോഗിക്കുന്ന ഫോം I-526ന്‍റെ അപേക്ഷാ ഫീസ് 3,675 ഡോളറിൽ നിന്ന് 7,615 ഡോളറായി ഉയരും. അംഗീകൃത റീജിയമൽ സെന്റർ വഴിയുള്ള നിക്ഷേപകരുടെ ഫോം I-526E ഫീസ് 3,675 ഡോളറിൽ നിന്ന് 7,850 ഡോളറായി വർധിക്കും. ഈ രണ്ടിലും 75 ഡോളറിന്റെ ഇബി-5 ടെക്നോളജി ഫീസും ഉൾപ്പെടുന്നു. ഇതുകൂടാതെ, പ്രാരംഭ ഫോം I-956 റീജിയനൽ സെന്റർ പദവിക്ക് 44,115 ഡോളറും, ഭേദഗതിക്ക് 9,835 ഡോളറും, വാണിജ്യ സംരംഭങ്ങളുടെ അംഗീകാരത്തിനായി ഉപയോഗിക്കുന്ന ഫോം I-956F-ന് 42,675 ഡോളറുമാണ് പുതിയ ഇബി-5 ഫീസ് ഘടനയിൽ നിശ്ചയിച്ചിരിക്കുന്നത്.

റീജിയണൽ സെന്റർ നിക്ഷേപകർ ഉയർന്ന ഇന്റഗ്രിറ്റി ഫണ്ടുകളും നൽകേണ്ടിവരും. I-526E ഇന്റഗ്രിറ്റി ഫണ്ട് ഫീസ് 1,000 ഡോളറിൽ നിന്ന് 1,100 ഡോളറായി ഉയരും. അതുപോലെ ചില റീജിയണൽ സെന്റർ ഫീസുകൾ 10,000 ഡോളറിൽ നിന്ന് 11,000 ഡോളറായും 20,000 ഡോളറിൽ നിന്ന് 22,000 ഡോളറായും വർധിക്കും.

Tags:    
News Summary - us visa fees hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.