രണ്ടുതവണ വിഷം കുത്തിവെച്ചിട്ടും ജീവനോടെ തടവുകാരി; ക്രിസ്റ്റ പൈക്കിന്‍റെ വധശിക്ഷ നടപ്പാക്കാനായില്ല...
നാഷ്‌വിൽ: അമേരിക്കയിലെ ടെന്നസിയിൽ 200 വർഷത്തിനിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ വനിതയാകേണ്ടിയിരുന്ന ക്രിസ്റ്റ ഗെയിൽ പൈക്കിന്‍റെ (50) വധശിക്ഷ നടപ്പാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. രണ്ടുതവണ ലെതൽ ഇൻജെക്ഷൻ നൽകിയിട്ടും മരണം സംഭവിക്കാതിരുന്നതിനെത്തുടർന്ന് അർദ്ധരാത്രിയിലെ സമയപരിധി അവസാനിക്കുകയായിരുന്നു. കടുത്ത നിയമപോരാട്ടങ്ങൾക്കൊടുവിൽ സുപ്രീം കോടതി അനുമതി നൽകിയതിന് പിന്നാലെയായിരുന്നു ശിക്ഷ നടപ്പാക്കാൻ അധികൃതർ ശ്രമിച്ചത്.
1995-ൽ 18-ാം വയസ്സിൽ സഹപാഠിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് ക്രിസ്റ്റ പൈക്ക്. ലെതൽ ഇൻജെക്ഷന് പകരം തന്നെ ഫയറിങ് സ്ക്വാഡിനെ ഉപയോഗിച്ച് വെടിവെച്ചുകൊല്ലണമെന്നായിരുന്നു ഇവരുടെ ആവശ്യം. ലെതൽ ഇൻജെക്ഷൻ നടപടിക്രമങ്ങൾ കുട്ടിക്കാലത്തെ ലൈംഗിക അതിക്രമങ്ങളുടെ ഓർമ്മകൾ തിരികെ കൊണ്ടുവരുമെന്നും ഇത് കടുത്ത മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും പ്രതിയുടെ അഭിഭാഷകർ വാദിച്ചിരുന്നു. ലെതൽ ഇൻജെക്ഷൻ നൽകിയ ശേഷം പൈക്ക് ജീവനോടെയുണ്ടെന്നും കൂർക്കംവലിക്കുന്നുണ്ടെന്നും വധശിക്ഷയ്ക്ക് സാക്ഷിയായവർ വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, സംസ്ഥാനത്തിന്റെ നിയമപരമായ എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചാണ് ശിക്ഷ നടപ്പാക്കാൻ ശ്രമിച്ചതെന്ന് ടെന്നസി തിരുത്തൽ വകുപ്പ് (Department of Correction) വ്യക്തമാക്കി. നിലവിൽ പൈക്കിനെ മറ്റൊരു മെഡിക്കൽ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. അമേരിക്കയിൽ വധശിക്ഷയ്ക്കായി ലെതൽ ഇൻജെക്ഷൻ, വൈദ്യുത കസേര, ഗ്യാസ്, ഫയറിങ് സ്ക്വാഡ്, തൂക്കിലേറ്റൽ എന്നീ രീതികളാണ് നിലവിലുള്ളതെങ്കിലും, ഇവയൊന്നും പൂർണ്ണമായും കുറ്റമറ്റതല്ലെന്ന ആക്ഷേപം ശക്തമാണ്. മനുഷ്യവകാശ സംഘടനകളും നിരവധി വിദഗ്ധരും വധശിക്ഷ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.