യായിർ ലാപിഡ്, ബെഞ്ചമിൻ നെതന്യാഹു
നെതന്യാഹു സർക്കാർ രാജ്യസുരക്ഷയെ വെച്ച് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു; ഫ്ലൈ ദുബായ് വിമാന സംഭവത്തിൽ യായിർ ലാപിഡ്
ടെൽ അവീവ്: ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് വരികയായിരുന്ന ഫ്ലൈ ദുബായ് യാത്രാവിമാനത്തിലുണ്ടായ അടിയന്തര സാഹചര്യത്തെ മുൻനിർത്തി ഇസ്രായേൽ സർക്കാർ സുരക്ഷയുടെ പേരിൽ 'തരംതാണ രാഷ്ട്രീയം' കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് യായർ ലാപിഡ്. ഒക്ടോബർ 27-ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ച വൈകിട്ട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തനിക്ക് നൽകിയ രഹസ്യ സുരക്ഷാ ബ്രീഫിംഗുമായി ഈ സംഭവത്തെ കൂട്ടിക്കെട്ടാനുള്ള സർക്കാർ അനുകൂലികളുടെ നീക്കങ്ങളെ ലാപിഡ് രൂക്ഷമായ ഭാഷയിൽ തള്ളി.
'ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ രാത്രി പ്രധാനമന്ത്രി നൽകിയ സുരക്ഷാ ബ്രീഫിംഗിൽ ഇന്ന് രാവിലെ നടന്ന വിമാന സംഭവവുമായി സാമ്യമുള്ളതോ, അതിനെ അനുസ്മരിപ്പിക്കുന്നതോ ആയ യാതൊരു വിവരവും ഉണ്ടായിരുന്നില്ല; ഒരു സൂചന പോലും ഇല്ലായിരുന്നു,' ലാപിഡ് 'എക്സി'ൽ കുറിച്ചു. സർക്കാരിന്റെ പ്രചാരകർ നടത്തുന്ന എല്ലാ രാഷ്ട്രീയ നാടകങ്ങളും തെളിയിക്കുന്നത് ഒന്നുമാത്രമാണ്. ഇസ്രായേലിന്റെ സുരക്ഷയെ പണയം വെച്ചുകൊണ്ട് അവർ വീണ്ടും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. തികച്ചും നിരുത്തരവാദപരമായ ഒരു സംഘമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇസ്രായേലിന് നേരെ ഒരു ആക്രമണ സാധ്യതയുണ്ടെന്ന നെതന്യാഹുവിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച ലാപിഡിന് ഔദ്യോഗിക സുരക്ഷാ വിശദീകരണം നൽകിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം, 'പൊതുജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തേണ്ട യാതൊരു ആവശ്യവുമില്ലെന്നും സുരക്ഷാ ഭീഷണികളെ തികച്ചും പ്രൊഫഷണലായും ഉത്തരവാദിത്തത്തോടെയുമാണ് നേരിടേണ്ടതെന്നും' ലാപിഡ് പ്രതികരിച്ചിരുന്നു.
ഇതിന് തൊട്ടുപിന്നാലെ ബുധനാഴ്ച രാവിലെയാണ് ദുബായ്-ടെൽ അവീവ് ഫ്ലൈ ദുബായ് (FZ1073) വിമാനത്തിൽ സഹ-പൈലറ്റ് വിമാനം അട്ടിമറിക്കാൻ ശ്രമിക്കുകയും എമർജൻസി, അൺലോഫുൾ ഇന്റർഫെറൻസ് (ഹൈജാക്കിംഗ്) കോഡുകൾ പുറത്തുവിടുകയും ചെയ്തത്. വിമാനം സൗദിയിലെ തബൂക്കിലേക്ക് വഴിതിരിച്ചുവിട്ടതിനെത്തുടർന്ന് ഇസ്രായേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ആകാശത്തേക്ക് കുതിച്ചുയർന്നിരുന്നു. വിമാന റാഞ്ചലാണെന്ന സംശയത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചെങ്കിലും പിന്നീട് കോക്ക്പിറ്റിലെ കയ്യാങ്കളിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെയും സഹ-പൈലറ്റിനെയും തബൂക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ സംഭവത്തെയാണ് തിരഞ്ഞെടുപ്പ് നേട്ടത്തിനായി നെതന്യാഹു പക്ഷം രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുന്നതെന്ന് ലാപിഡ് ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.