സിയോൾ: യു.എസ് സൈന്യവുമൊത്തുള്ള അഭ്യാസത്തിനിടെ ദക്ഷിണ കൊറിയൻ യുദ്ധവിമാനങ്ങൾ അബദ്ധത്തിൽ വീടുകളിൽ ബോംബിട്ടതിനെ തുടർന്ന് രണ്ട് ഡസനോളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഇതിൽ രണ്ടുപേർ ഗുരുതരാവസ്ഥയിലാണ്. ഉത്തരകൊറിയയുടെ അതിർത്തിക്കടുത്താണ് സംഭവം.
രണ്ട് യുദ്ധവിമാനങ്ങളിൽ നിന്ന് എട്ടു ബോംബുകൾ അസാധാരണമായി നിയുക്ത ഫയറിങ് റേഞ്ചിനു പുറത്ത്, പോച്ചിയോൺ നഗരത്തിലെ സിവിലിയൻ കെട്ടിടങ്ങളിൽ പതിച്ചതായി ദക്ഷിണ കൊറിയൻ വ്യോമസേനയാണ് പുറത്തുവിട്ടത്.
പൈലറ്റ് തെറ്റായ ബോംബിങ് നിർദേശം നൽകിയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതായി ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയം പറഞ്ഞു. സ്ഫോടനങ്ങളുടെ അനന്തരദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമങ്ങൾ ഗ്രാമപ്രദേശത്ത് കറുത്ത പുക ഉയരുന്നത് കാണിച്ചു. സ്ഫോടനങ്ങളിൽ രണ്ട് റെസിഡൻഷ്യൽ കെട്ടിടങ്ങളും ആരാധനാലയത്തിന്റെ ഭാഗവും ഒരു ട്രക്കും തകർന്നു. സ്ഥലം ഒരു യുദ്ധക്കളം പോലെയാണെന്ന് പോച്ചിയോൺ മേയർ ബെയ്ക്ക് യങ് ഹ്യുൻ പറഞ്ഞു.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിക്കുന്നതുവരെ എല്ലാ അഭ്യാസങ്ങളും പരിശീലനങ്ങളും നിർത്തിവച്ചതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. അന്വേഷിക്കാൻ ഒരു സംഘത്തെ രൂപീകരിച്ചുവെന്നും നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും അവർ അറിയിച്ചു. അസാധാരണ ബോംബ് വിക്ഷേപണം സാധാരണക്കാർക്ക് നാശനഷ്ടമുണ്ടാക്കിയതിൽ വ്യോമസേന ക്ഷമാപണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.