ഡെൽറ്റയെ അപേക്ഷിച്ച് ഒമിക്രോൺ വകഭേദത്തിന് നേരിയ ലക്ഷണം മാത്രം

കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകത്ത് ഭീതി പരത്തുമ്പോഴും, വൈറസ് ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽനിന്ന് ആശ്വാസ വാർത്തകളാണ് പുറത്തുവരുന്നത്. യൂറോപ്പിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ അതിതീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച്, ഒമിക്രോൺ ബാധിതരിൽ നേരിയ ലക്ഷണങ്ങൾ മാത്രമാണ് പ്രകടമാകുന്നതെന്ന് ദക്ഷിണാഫ്രിക്കയിലെ ഡോക്ടർമാർ പറയുന്നു.

വ്യാപന ശേഷി അതിവേഗമാണെങ്കിലും ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ ബാധിച്ചവരിൽ ആർക്കും ഗുരുതര ലക്ഷണങ്ങളില്ലെന്ന് ഡോ. അൻബേൻ പിള്ള പറഞ്ഞു. ഒരുദിവസം ഡസനിലധികം ഒമിക്രോൺ രോഗികളാണ് ഇദ്ദേഹത്തെ കാണാനെത്തുന്നത്. ഇതുവരെ ആരെയും ആശുപത്രിയിൽ കിടത്തി ചികിത്സിപ്പിച്ചിട്ടില്ല. പ്രാഥമിക ചികിത്സ നൽകി എല്ലാവരെയും വീടുകളിലേക്ക് അയക്കുകയാണ് ചെയ്തത്. അവർക്ക് വീട്ടിൽ തന്നെ രോഗം കൈകാര്യം ചെയ്യാനാകുമെന്നും 10 മുതൽ 14 ദിവസത്തെ ക്വാറൻറീൻ കാലയളവിൽ രോഗം ഭേദമാകുന്നുണ്ടെന്നും ഡോക്ടർ പറയുന്നു.

കോവിഡ് ഗുരുതരമാകാനിടയുള്ള പ്രായമായ രോഗികളും ആരോഗ്യപ്രശ്നങ്ങളുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ദക്ഷിണാഫ്രിക്കയിൽ ആദ്യ ഒമിക്രോൺ സ്ഥിരീകരിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും സമാന കഥതന്നെയാണ് മറ്റു ഡോക്ടർമാരും പങ്കിടുന്നത്. കഴിഞ്ഞ ആഴ്ചകളിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഏകദേശം 30 ശതമാനം പേർക്ക് മാത്രമേ ഗുരുതരമായ അസുഖമുള്ളൂ. എന്നാൽ, മഹാമാരിയുടെ ആദ്യഘട്ടത്തിലുള്ള നിരക്കിന്‍റെ പകുതിയിൽ താഴെ മാത്രമാണിതെന്നും ദക്ഷിണാഫ്രിക്കയുടെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബ്ൾ ഡിസീസ് അധികൃതർ പറയുന്നു.

ആശുപത്രിയിൽ കഴിയുന്ന ദിവസത്തിലും വലിയ കുറവുണ്ടായി. ആദ്യഘട്ടത്തിൽ രോഗി ശരാശരി എട്ടുദിവസമാണ് ആശുപത്രിയിൽ കഴിഞ്ഞിരുന്നത്. ഇതിപ്പോൾ 2.8 ദിവസമായി കുറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ മരിക്കുന്നവർ മൂന്നു ശതമാനം മാത്രമാണ്. നേരത്തെ 20 ശതമാനമായിരുന്നു. ഇന്ത്യയിലും ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്ന് ആരോഗ്യ വകുപ്പ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - South African doctors see signs omicron is milder than delta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.