മൈക്കിൾ റൂബിൻ

ഇന്ത്യ റഷ്യയോടടുക്കുന്നത് ട്രംപിന്റെ കഴിവുകേട്; പാകിസ്താന്റെ മുഖസ്തുതിയും കൈ​ക്കൂലിയുമാവാം നിലപാടിന് പിന്നിലെന്നും പെന്റഗൺ ഉദ്യോഗസ്ഥൻ

ന്യൂഡൽഹി: ഇന്ത്യ റഷ്യയോടടുക്കുന്നതിന് പിന്നിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കഴിവുകേടെന്ന് മുൻ​ പെന്റഗൺ ഉദ്യോഗസ്ഥൻ മെക്കിൾ റൂബിൻ. ഇന്ത്യയിലേക്ക് തടസ്സമില്ലാത്ത എണ്ണവിതരണം ഉറപ്പുനൽകി റഷ്യ​ൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് മൈക്കിൾ റൂബിന്റെ പ്രസ്താവന.

ഇന്ത്യയെ റഷ്യൻ ചേരിയിൽ എത്തിച്ചതിനാണ് ട്രംപിന് നോബൽ സമ്മാനം നൽകേണ്ടത്. അപൂർവ ബഹുമതികൾ ഇന്ത്യ പുടിന് സമ്മാനിക്കുന്നു. നിരവധി കരാറിലൊപ്പുവെക്കുന്നു. ഇതിൽ വലിയ പങ്കും യു.എസിന്റെ പ്രകോപനത്തിൽ നിന്നു​ളവെടുക്കുന്നതാണ്. ഇന്ത്യയുമായുണ്ടായിരുന്ന ബന്ധം താറുമാറാക്കിയ ട്രംപിന്റെ നടപടി യു.എസ് പൗരൻമാരെ അമ്പരപ്പിച്ചുവെന്നും മൈക്കിൽ റൂബിൻ പറഞ്ഞു.

പാകിസ്താന്റെ മുഖസ്തുതിയും കൈക്കൂലിയുമാണോ ട്രംപ് ഭരണകൂടത്തിനെ ഇതിന് ​പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല. ‘ഇന്ത്യ-യു.എസ് ബന്ധം ​ഡോണൾഡ് ട്രംപ് എങ്ങിനെ മാറ്റിമറിച്ചുവെന്നത് ഇപ്പോളും അമ്പരപ്പുണ്ടാക്കുന്ന ഒന്നാണ്. എന്താണ് ​ഡോണൾഡ് ട്രംപി​നെ ഇതിന് പ്രേരിപ്പിച്ചതെന്ന് പല കേന്ദ്രങ്ങളിൽ നിന്നും ചോദ്യമുയരുന്നുണ്ട്. ഒരുപക്ഷേ, അത് പാകിസ്താനിൽ നിന്നുള്ള മുഖസ്തുതിയായിരിക്കാം. പാകിസ്താൻ മോഹവാഗ്ദാനങ്ങൾ നൽകിയിരിക്കാം. എന്തുതന്നെയായാലും നയതന്ത്രപരമായ ഈ കുറവ് വരും ദശാബ്ദങ്ങളിൽ അമേരിക്കക്ക് വിനാശകരമാവും’-റൂബിൻ കൂട്ടിച്ചേർത്തു.

റഷ്യയുമായി യു.എസിന് വ്യാപാര ബന്ധമുണ്ട്. ഇത് നിലനിൽക്കെയാണ് ഇന്ത്യയോട് റഷ്യൻ എണ്ണ വാങ്ങരുതെന്ന് ഉപദേശിക്കുന്നത്. ഇത് കാപട്യമാണ്. സ്വന്തം ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന ഇന്ത്യയുടെ നിലപാടിനെ പിന്തുണക്കുന്നുവെന്നും റൂബിൻ വ്യക്തമാക്കി.

ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. അത് ഉടൻ തന്നെ ലോകത്തിലെ മൂന്നാമത്തെ സമ്പദ്‍വ്യവസ്ഥയിലേക്ക് എത്തിയേക്കും. ഈ സാഹചര്യത്തിൽ വർധിച്ച ഊജ്ജ ആവശ്യങ്ങൾ ഉണ്ട്. മറ്റുവിപണികളില്ലാത്തതുകൊണ്ടുതന്നെ പല ഉത്പന്നങ്ങൾക്കും ​യു.എസ് ഇപ്പോഴും റഷ്യയെ ആണ് ആശ്രയിക്കുന്നത്. അതേസമയം, ഇന്ത്യയോട് വ്യാപരബന്ധം അവസാനിപ്പിക്കണമെന്നും പറയുന്നു, ഇത് കാപട്യമാണ്.

പ്രഭാഷണങ്ങൾക്ക് പകരം, ഇന്ത്യക്ക് കുറഞ്ഞ വിലക്ക് ഇന്ധനം നൽകാനാണ് യു.എസ് തയ്യാറാവേണ്ടത്. അതിനാവുന്നില്ലെങ്കിൽ മിണ്ടാതിരിക്കുകയാണ് ചെയ്യേണ്ടതെന്നും റൂബിൻ പറഞ്ഞു. വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റൂബിൻ.

വ്യാഴാഴ്ചയാണ് 23-ാമത് ഇന്ത്യ-റഷ്യ ഉഭയകക്ഷി ഉച്ചകോടിക്കായി പുടിൻ ഇന്ത്യയിൽ എത്തിയത്. ഉഭയ കക്ഷി ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചേർന്ന് അദ്ദേഹം സംയുക്ത വാർത്തസമ്മേളനവും നടത്തി.

ഊർജ്ജ മേഖലയിൽ ഇരുരാജ്യങ്ങൾക്കും പങ്കാളിത്തം വിപുലീകരിക്കാനാവുമെന്ന് പുടിൻ വ്യക്തമാക്കി. എണ്ണ, വാതകം, കൽക്കരി, എന്നിങ്ങനെ ഇന്ത്യയുടെ ഊർജ്ജ വികസനത്തിന് ആവശ്യമായ എല്ലാ വിഭവങ്ങളുടെയും വിശ്വസനീയമായ കേന്ദ്രമായി റഷ്യ തുടരുമെന്നും പുടിൻ പറഞ്ഞു.

‘വളർന്നുവരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥക്ക് തടസ്സമില്ലാതെ ഇന്ധനം കയറ്റുമതി ചെയ്യുന്നത് തുടരാൻ റഷ്യ തയ്യാറാണ്. ഇന്ത്യയിൽ ആണവോർജ്ജ ഉദ്പാദനത്തിനുള്ള വൻകിട പദ്ധതിയും പരിഗണനയിലുണ്ട്’- പുടിൻ പറഞ്ഞു.

റഷ്യൻ സഹായത്തോടെയുള്ള ആറ് റിയാക്ടറുകളിൽ മൂന്നെണ്ണം ഇതിനകം രാജ്യത്തെ ഊർജ്ജ ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് വലിയ പദ്ധതി സംബന്ധിച്ചുള്ള പുടിന്റെ പ്രസ്താവനകൾ. ഇന്ത്യയും യുറേഷ്യൻ ഇക്കണോമിക് യൂണിയനും തമ്മിൽ ഒരു സ്വതന്ത്ര വ്യാപാര മേഖല രൂപീകരിക്കുന്നത് വ്യാപാര വളർച്ചയെ കൂടുതൽ ത്വരിതപ്പെടുത്തുമെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയും റഷ്യയും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന പ്രതിരോധ സഹകരണത്തെയും പുടിൻ പ്രശംസിച്ചു. ഇന്ത്യൻ സായുധ സേനയെ ആധുനികവൽക്കരിക്കുന്നതിൽ മോസ്കോയുടെ പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു പുടിന്റെ പരാമർശങ്ങൾ.

യുക്രൈയ്ൻ യുദ്ധം ചൂണ്ടി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ ഇന്ത്യക്കുമേൽ അധിക താരിഫടക്കം യു.എസ് സമ്മർദ്ദം ശക്തമാവുന്നതിനിടയിലാണ് പുടിന്റെ ഇന്ത്യ സന്ദർശനമെന്നത് ശ്രദ്ദേയമാണ്. യുക്രൈയ്നുമായുള്ള യുദ്ധത്തിൽ റഷ്യക്ക് സാമ്പത്തികമായി പിന്തുണ നൽകുന്നു​വെന്ന കാരണം ചൂണ്ടിയാണ് യു.എസ്, ഇടപാടി​നെ എതിർക്കുന്നത്.

അതേസമയം, യുദ്ധമവസാനിപ്പിക്കാൻ ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ആവിഷ്‍കരിച്ച സമാധാന പദ്ധതിയിൽ ഇനിയും അന്തിമ ധാരണയായിട്ടില്ല. പദ്ധതിയുടെ ആദ്യഘട്ട കരട് റഷ്യൻ അനുകൂലമെന്ന് കാട്ടി യുക്രൈൻ നിരാകരിച്ചതോടെയാണ് സമാധാന ശ്രമങ്ങൾ വീണ്ടും സങ്കീർണമായത്. ഇന്ത്യ സന്ദർശനത്തിന് തൊട്ട് മുൻപ്, വ്യാഴാഴ്ച, ഡോൺബാസ് മേഖലയിൽ നിന്ന് യുക്രെയ്ൻ പിന്മാറണമെന്നും അല്ലാത്ത പക്ഷം റഷ്യ ബലംപ്രയോഗിച്ച് പിടിച്ചെടുക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    
News Summary - Indias rapprochement with Russia is Trumps incompetence; Pakistans flattery and bribery may be behind the stance, says Pentagon official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.