കീവ്: ഫെബ്രുവരിയിൽ ഡ്രോൺ ഇടിച്ച യുക്രെയ്നിലെ ചെർണോബിൽ ദുരന്ത ആണവ റിയാക്ടറിന് മുകളിലുള്ള സംരക്ഷണ കവചത്തിന് വികിരണം തടയുക എന്ന പ്രധാന ധർമം ഇനി നിർവഹിക്കാൻ കഴിയില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി .ഫെബ്രുവരിയിലെ ഡ്രോൺ ആക്രമണം കവചത്തിൽ ഒരു വലിയ ദ്വാരം സൃഷ്ടിച്ചു. അത് ആണവ ദുരന്തത്തിൽ നശിപ്പിക്കപ്പെട്ട റിയാക്ടറിന് ആവരണമായി നിർമിച്ചതായിരുന്നു. യൂറോപ്പിന്റെ നേതൃത്വത്തിലുള്ള ഒരു സംരംഭത്തിലൂടെ 2019ലാണ് പണി പൂർത്തിയാക്കിയത്. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിൽ ഡ്രോൺ ആഘാതം കവചത്തെ നശിപ്പിച്ചതായി കണ്ടെത്തിയെന്ന് ഐ.എ.ഇ.എ പറഞ്ഞു.
യുക്രെയ്ൻ സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന കാലത്ത് സംഭവിച്ച 1986 ലെ ചെർണോബിൽ സ്ഫോടനം യൂറോപ്പിലുടനീളം വികിരണം വിതച്ചിരുന്നു. ഉരുകൽ നിയന്ത്രിക്കാനുള്ള പോരാട്ടത്തിൽ റിയാക്ടറിന് മുകളിൽ 30 വർഷത്തെ മാത്രം ആയുസ്സുള്ള ഒരു കോൺക്രീറ്റ് ‘സാർക്കോഫാഗസ്’ നിർമിച്ചിരുന്നു. നശിച്ച റിയാക്ടർ കെട്ടിടം, ഉരുകിപ്പോയ ആണവ ഇന്ധനം എന്നിവയിൽ നിന്നുള്ള വികിരണത്തെ അടക്കം ചെയ്യുന്നതിനാണ് പുതിയ തടവറ നിർമിച്ചത്.
ഒരു പരിശോധനാ ദൗത്യത്തിൽ അതിന്റെ വികിരണം തടയുന്ന ശേഷി ഉൾപ്പെടെ നഷ്ടപ്പെട്ടുവെന്ന് സ്ഥിരീകരിച്ചു. എന്നാൽ അതിന്റെ ഭാരം വഹിക്കുന്ന ഘടനകൾക്കോ നിരീക്ഷണ സംവിധാനങ്ങൾക്കോ സ്ഥിരമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തി.
നിലവിൽ ചില അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടെന്ന് ഐ.എ.ഇ.എ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി പറഞ്ഞു. എന്നാൽ, കൂടുതൽ നാശം തടയുന്നതിനും ദീർഘകാല ആണവ സുരക്ഷ ഉറപ്പാക്കുന്നതിനും സമഗ്രമായ പുനഃസ്ഥാപനം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 14 ന് ഉയർന്ന സ്‌ഫോടകശേഷിയുള്ള ഒരു ഡ്രോൺ പ്ലാന്റിൽ ഇടിച്ചു തീപിടുത്തമുണ്ടായി. റിയാക്ടറിന് ചുറ്റുമുള്ള സംരക്ഷണ ക്ലാഡിംഗിന് കേടുപാടുകൾ സംഭവിച്ചു.
ഈ ഡ്രോൺ റഷ്യൻ നിർമിതമാണെന്ന് യുക്രേനിയൻ അധികൃതർ ആരോപിച്ചിരുന്നു. എന്നാൽ, പ്ലാന്റ് ആക്രമിച്ചുവെന്നത് റഷ്യ നിഷേധിച്ചു. റേഡിയേഷൻ ചോർച്ചയെക്കുറിച്ച് റിപ്പോർട്ടുകളൊന്നുമില്ലെന്ന് യു.എൻ ഫെബ്രുവരിയിൽ പറഞ്ഞു.
യുക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധത്തിൽ വൈദ്യുതി സബ്‌സ്റ്റേഷനുകൾക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള രാജ്യവ്യാപകമായ സർവേയുടെ അതേ സമയത്താണ് ഐ.എ.ഇ.എ പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.