‘ട്രൂത്ത് സോഷ്യലിൽ’ ഡോണൾഡ് ട്രംപ് പങ്കുവെച്ച കിം ജോങ് ഉന്നിനൊപ്പമുള്ള ചിത്രം
വാഷിങ്ടൺ: യു.എസും ദക്ഷിണ കൊറിയയും സംയുക്തമായി സൈനികാഭ്യാസം നടത്താൻ ഒരുങ്ങുന്നതിനിടെ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് ഡോണൾഡ് ട്രംപ്. ചിത്രത്തിൽ ഇരുവരും തമ്മിലുള്ള 'സൗഹൃദഭാവങ്ങളെ' തമാശരൂപേണ പരാമർശിച്ചായിരുന്നു ട്രംപിന്റെ പോസ്റ്റ്.
എന്നാൽ, ഞങ്ങൾ ഇപ്പോൾ വളരെ സൗഹൃദത്തിലാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. 'ട്രൂത്ത് സോഷ്യലി'ലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. 'ഉൽചി ഫ്രീഡം ഷീൽഡ്' എന്ന പേരിൽ ആഗസ്റ്റ് 17 മുതൽ 27 വരെയാണ് യു.എസും ദക്ഷിണ കൊറിയയും സംയുക്തമായി സൈനികാഭ്യാസം നടത്തുന്നത്.
ഡ്രോണുകളെ പ്രതിരോധിക്കൽ, ജി.പി.എസ് തടസ്സങ്ങൾ, സൈബർ ആക്രമണങ്ങൾ തുടങ്ങിയവ നേരിടാനുള്ള പരിശീലനങ്ങൾ എന്നിവയാണ് സൈനിക പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉത്തരകൊറിയയുടെ വളർന്നുകൊണ്ടിരിക്കുന്ന സൈനിക ശേഷികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് യു.എസും സഖ്യകക്ഷികളും ഈ നീക്കം നടത്തുന്നത്.
അതേസമയം, യു.എസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഉത്തരകൊറിയ രംഗത്ത് എത്തിയിട്ടുണ്ട്. സൈനികാഭ്യാസങ്ങൾ കൊറിയൻ ഉപദ്വീപിലെ സംഘർഷാവസ്ഥ രൂക്ഷമാക്കുമെന്നും ഇത് പ്രകോപനപരമാണെന്നും ഉത്തരകൊറിയ ആരോപിച്ചു.
യു.എസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയുടെ സൈനിക സഹകരണം ഒരു 'ആണവ സഖ്യമായി' മാറിക്കൊണ്ടിരിക്കുകയാണെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. പുതിയ ഭീഷണികളെ പുതിയ തലത്തിലുള്ള പ്രതിരോധംകൊണ്ട് നേരിടുമെന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്നതിൽനിന്നും തികച്ചും വ്യത്യസ്തമാണ് ഈ സൈനികാഭ്യാസം. ആധുനിക യുദ്ധമുറകളുടെ പുതിയ വശങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും വക്താവ് കുറ്റപ്പെടുത്തി.
അതേസമയം, പുതിയ മിസൈൽ ആഗസ്റ്റ് 12ന് ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. ഒരാഴ്ചക്കിടെയുള്ള രണ്ടാമത്തെ പരീക്ഷണമായിരുന്നു ഇത്. പ്യോങ്യാങ് കിഴക്കൻ കടലിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയൻ സൈന്യത്തെ ഉദ്ധരിച്ച് യോൻഹാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യു.എസ് പസഫിക് കമാൻഡ് ഇതിനെ 'മിസൈൽ വിക്ഷേപണം' എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
കൊറിയൻ ഉപദ്വീപിന്റെ ചരിത്രവുമായി ബന്ധപ്പെട്ട വളരെ സങ്കീർണമായ ഒരു ഭൂരാഷ്ട്രീയ പ്രതിസന്ധിയാണ് ഉത്തരകൊറിയ-ദക്ഷിണ കൊറിയ പ്രശ്നം. 1945ൽ രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടതിനെത്തുടർന്ന്, കൊറിയൻ ഉപദ്വീപ് സോവ്യയറ്റ് യൂനിയന്റെയും (റഷ്യ) അമേരിക്കയുടെയും നിയന്ത്രണത്തിലായി. സോവ്യയറ്റ് യൂനിയൻ ഉത്തരഭാഗവും അമേരിക്ക ദക്ഷിണഭാഗവും ഏറ്റെടുത്തു.
ഇതിന്റെ ഫലമായി 1948ൽ കൊറിയ രണ്ടായി വിഭജിക്കപ്പെട്ടു. സോവ്യയറ്റ് പിന്തുണയോടെ ഉത്തരഭാഗത്ത് കമ്മ്യൂണിസ്റ്റ് ഭരണകൂടമായ ഉത്തരകൊറിയയും , അമേരിക്കയുടെ പിന്തുണയോടെ ദക്ഷിണഭാഗത്ത് ജനാധിപത്യ സർക്കാരായ ദക്ഷിണകൊറിയയും നിലവിൽ വന്നു.
രണ്ട് രാജ്യങ്ങളും കൊറിയ മുഴുവൻ സ്വന്തമാക്കാൻ ആഗ്രഹിച്ചതോടെ 1950 ജൂണിൽ യുദ്ധം ആരംഭിച്ചു. ഉത്തരകൊറിയ ദക്ഷിണകൊറിയയെ ആക്രമിച്ചു. അമേരിക്കയും ഐക്യരാഷ്ട്രസഭയും ദക്ഷിണകൊറിയയെ സഹായിച്ചപ്പോൾ, ചൈനയും സോവ്യയറ്റ് യൂനിയനും ഉത്തരകൊറിയക്ക് പിന്തുണ നൽകി. മൂന്നു വർഷത്തോളം നീണ്ടുനിന്ന യുദ്ധത്തിൽ ലക്ഷക്കണക്കിന് ആളുകൾ മരിച്ചു.
1953ൽ യുദ്ധം അവസാനിച്ചെങ്കിലും സമാധാന കരാർ ഒപ്പിട്ടിരുന്നില്ല, പകരം ഒരു വെടിനിർത്തൽ കരാർ മാത്രമാണ് നിലവിൽ വന്നത്. ഉത്തരകൊറിയ തുടർച്ചയായി നടത്തുന്ന ആണവായുധ പരീക്ഷണങ്ങളും മിസൈൽ വിക്ഷേപണങ്ങളും ദക്ഷിണകൊറിയക്കും അമേരിക്കയ്ക്കും വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
ഇടക്കിടെ ഇരു രാജ്യങ്ങളും തമ്മിൽ സൈനിക പ്രകോപനങ്ങളും അതിർത്തി സംഘർഷങ്ങളും ഉണ്ടാകാറുണ്ട്. ദക്ഷിണകൊറിയയും അമേരിക്കയും നടത്തുന്ന സംയുക്ത സൈനികാഭ്യാസങ്ങളെ ഉത്തരകൊറിയ എപ്പോഴും യുദ്ധത്തിനുള്ള തയ്യാറെടുപ്പായിട്ടാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.