മസൂദ് പെസെഷ്‌കിയാൻ, നരേന്ദ്ര മോദി
തെഹ്‌റാൻ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ ജനതയ്ക്കും ആശംസകൾ നേർന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തെ വിലമതിക്കാനാവാത്ത സമ്പത്തായാണ് കാണുന്നതെന്നും ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലമാക്കാൻ ഇറാൻ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ ഇറാൻ എംബസി മുഖേന പ്രധാനമന്ത്രിക്ക് അയച്ച ഔദ്യോഗിക സന്ദേശത്തിലാണ് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുമായുള്ള ചരിത്രപരവും നാഗരികവുമായ പാരമ്പര്യവും ജനങ്ങൾ തമ്മിലുള്ള ശക്തമായ സമ്പർക്കവും ഇരുരാജ്യങ്ങളുടെയും പൊതുതാൽപ്പര്യങ്ങൾക്ക് അനുസൃതമായ ഭാവി രൂപപ്പെടുത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായി ഇന്ത്യയുമായുള്ള സമഗ്ര സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ഇരുരാജ്യങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ തെഹ്‌റാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ പ്രസിഡന്റ്, ഇന്ത്യയുടെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും ആശംസകൾ നേരുകയും ചെയ്തു.
മേഖലയിലെ നിലവിലെ സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുമായുള്ള തന്ത്രപ്രധാന ബന്ധങ്ങൾക്ക് തെഹ്‌റാൻ നൽകുന്ന ഉയർന്ന മുൻഗണനയാണ് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ ഈ സന്ദേശത്തിലൂടെ വ്യക്തമാകുന്നത്. വാണിജ്യം, ഊർജ്ജം, ചബഹാർ തുറമുഖം വഴിയുള്ള പ്രാദേശിക കണക്റ്റിവിറ്റി തുടങ്ങിയ സുപ്രധാന മേഖലകളിൽ ഇന്ത്യയും ഇറാനും തമ്മിലുള്ള സഹകരണം വരുംനാളുകളിൽ കൂടുതൽ ഊർജ്ജിതമാക്കാനുള്ള താല്പര്യവും ഈ നയതന്ത്ര സന്ദേശം അടിവരയിടുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു തുടങ്ങിയ ലോകനേതാക്കളും ആശംസകൾ അറിയിച്ചിരുന്നു. സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക രംഗങ്ങളിൽ ഇന്ത്യ കൈവരിച്ച വികസന മുന്നേറ്റങ്ങളെയും അന്താരാഷ്ട്ര തലത്തിൽ രാജ്യം വഹിക്കുന്ന നിർണായക പങ്കിനെയും നേതാക്കൾ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.