'സ്വന്തം ജീവൻ നൽകിക്കൊണ്ട്​ കിമ്മിനെ സംരക്ഷിക്കുക'; സൈന്യത്തോട്​ ഉത്തരകൊറിയ

സിയോൾ: രാജ്യത്തെ 12 ലക്ഷത്തോളം വരുന്ന സൈനികരോട്​ ഭരണാധികാരിയായ കിം ജോങ്​ ഉന്നിന്​ പിന്നിലായി അണിനിരക്കാനും അദ്ദേഹത്തോട്​ ഏറ്റവും കൂടുതൽ വിശ്വസ്ത കാണിക്കാനും അഭ്യർഥിച്ച്​ ഉത്തരകൊറിയൻ പത്രം. 'സ്വന്തം ജീവൻ പോലും നൽകിക്കൊണ്ട്​ അർപ്പണബോധത്തോടെ കിം ജോങ്​ ഉന്നിനെ സംരക്ഷിക്കുന്ന അജയ്യമായ ഒരു കോട്ടയും ബുള്ളറ്റ്​ പ്രൂഫ്​ മതിലുമായി മാറണം' എന്നാണ് സർക്കാരിന്​ കീഴിലുള്ള പത്രത്തിന്‍റെ എഡിറ്റോറിയൽ രാജ്യത്തെ പട്ടാളക്കാരോട്​ പറയുന്നത്​.

സൈന്യത്തിന്‍റെ പരമോന്നത കമാൻഡറായുള്ള കിമ്മിന്‍റെ സ്ഥാനാരോഹണത്തിന്‍റെ പത്താം വാർഷികം രാജ്യം ആഘോഷിക്കുന്ന വേളയിലാണ്​ പുതിയ ആഹ്വാനവുമായി അധികൃതർ എത്തുന്നത്​. രാജ്യത്തിന്‍റെയും ജനങ്ങളുടെയും വിശ്വസനീയമായ സംരക്ഷകരായി വർത്തിക്കുന്ന കൂടുതൽ നവീകരിച്ച, ശക്തരായ സൈന്യത്തെ കെട്ടിപ്പടുക്കാനും എഡിറ്റോറിയൽ ആഹ്വാനം ചെയ്തു. ശക്തമായ സോഷ്യലിസ്റ്റ് രാജ്യം സ്ഥാപിക്കുന്നതിന് ഉത്തരകൊറിയയുടെ എല്ലാ സൈനികരും ജനങ്ങളും കിമ്മിന്റെ നേതൃത്വം ഉയർത്തിപ്പിടിക്കണമെന്നും എഡിറ്റോറിയൽ ആവശ്യപ്പെട്ടു.

പ്രതിസന്ധി ഘട്ടങ്ങളിൽ കിമ്മിന് പിന്നിൽ അണിനിരക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരകൊറിയ ഇതിന്​ മുമ്പും സമാനമായ പ്രൊപ്പഗണ്ട പ്രസ്താവനകൾ പുറപ്പെടുവിച്ചിരുന്നു. കോവിഡ്​ മഹാമാരി, യുഎൻ ഉപരോധം, സ്വന്തം കെടുകാര്യസ്ഥത എന്നിവ കാരണം കിം, തന്‍റെ 10 വർഷത്തെ ഭരണത്തിലെ ഏറ്റവും കഠിനമായ സാഹചര്യത്തിലൂടെയാണ്​ കടന്നുപോകുന്നതെന്നും അതിന്‍റെ ഫലമായാണ്​ ഇത്തരം ആഹ്വാനങ്ങളെന്നും ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്​.

അതേസമയം, മഹാമാരി കൊണ്ടുവന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനെ സംബന്ധിച്ചും അമേരിക്കയുമായി ദീർഘകാലമായി നിലനിൽക്കുന്ന പ്രതിസന്ധി നിറഞ്ഞ നയതന്ത്ര ബന്ധത്തെ കുറിച്ചുമെല്ലാം ചർച്ച ചെയ്യുന്നതിനായി ഉത്തരകൊറിയ ഒരു സുപ്രധാന രാഷ്ട്രീയ സമ്മേളനം നടത്തി വരികയാണ്​​.  

Tags:    
News Summary - show greater loyalty to Kim North Korea to troops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.