ഇസ്രായേലിൽ വെടിവെപ്പ്: മൂന്നുപേർ കൊല്ലപ്പെട്ടു, നാലുപേർക്ക് പരിക്ക്

ജറൂസലം: ജറൂസലമിന് സമീപമുള്ള ടണൽസ് ചെക്ക്‌പോസ്റ്റിൽ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാറിലെത്തിയവർ നടത്തിയ വെടിവെപ്പിൽ നാല് ഇസ്രായേലുകാർക്ക് പരിക്കേൽക്കുകയും ഇസ്രായേൽ സേന നടത്തിയ വെടിവെപ്പിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെടുകയുമായിരുന്നു. 

നാലുപേർക്ക് പരിക്കേറ്റതായി ഇസ്രായേൽ ദ്രുതകർമ സേനയായ മാഗൻ ഡേവിഡ് അഡോം അറിയിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. 20 വയസ്സുള്ള യുവാവ് ഉൾപ്പെടെ നാല് പേർക്കാണ് വെടിയേറ്റത്. ഇസ്രായേലി എമർജൻസി സർവിസ് സംഭവ സ്ഥലത്തെ ദൃശ്യങ്ങൾ എക്സിൽ​ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംശയാസ്പദമായ വാഹനത്തിൽ എത്തിയ അക്രമികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെടിയുതിർത്ത മൂന്ന് പേരെ കൊലപ്പെടുത്തിയതായി ഇസ്രായേൽ പൊലീസ് അറിയിച്ചു.

"ഞങ്ങൾ ഉടൻ സംഭവസ്ഥലത്തെത്തി. 4 പേർ വെടിയേറ്റ് കിടക്കുന്നത് കണ്ടു. അവരിൽ 20 വയസ്സുകാരൻ വെടിയേറ്റ് അബോധാവസ്ഥയിലായിരുന്നു. ജീവനുവേണ്ടി മല്ലിടുന്ന അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകി അതിവേഗം ഷാരെ സെഡെക് ആശുപത്രിയിലേക്ക് മാറ്റി’ -ഇസ്രായേൽ ദ്രുതകർമ സേന അറിയിച്ചു.

അതിനിടെ, ഇന്ന് രാവിലെ 11 മണിയോടെ ജപ്പാനിലെ ടോക്യോയിൽ ഇസ്രായേൽ എംബസിക്ക് നേരെ ഒരാൾ കാർ ഓടിച്ചുകയറ്റി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കാർ ഡ്രൈവർ ഷിനോബു സെക്കിഗുച്ചിയെ (53) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ തെറ്റ് സമ്മതിക്കുകയും പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - shooting attack at the Tunnels checkpoint near Jerusalem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.