മാപ്പിൽ തെളിയാത്ത അധിനിവേശം; ഗസ്സയിൽ ഇസ്രായേൽ സൈനിക താവളങ്ങൾ വിപുലീകരിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ സൈന്യം സൈനിക താവളങ്ങൾ നിർമിക്കുന്നതിന്റെയും സൈനിക വിന്യാസം ശക്തമാക്കുന്നതിന്റെയും സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. അമേരിക്കയുടെ പിന്തുണയോടെ പ്രഖ്യാപിച്ച 'ന്യൂ റഫ' പുനർനിർമാണ പദ്ധതികൾ എങ്ങുമെത്താതെ നിൽക്കുമ്പോഴാണ് ഗസ്സയെ സൈനിക നിയന്ത്രണത്തിലാക്കാനുള്ള നീക്കങ്ങൾ ഇസ്രായേൽ വേഗത്തിലാക്കുന്നത്.

പ്ലാനറ്റ് ലാബ്സ്, സെന്റിനൽ ഹബ് എന്നിവയിൽ നിന്നുള്ള സാറ്റലൈറ്റ് ദൃശ്യങ്ങൾ വിശകലനം ചെയ്ത അൽ ജസീറ ഡിജിറ്റൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. 2026 ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്ന് റഫ ഉൾപ്പെടെയുള്ള മേഖലകളിൽ ഇസ്രായേൽ സൈനിക കോട്ടകൾ വിപുലീകരിക്കുന്നതായി വ്യക്തമാണ്.

രണ്ടു വർഷത്തെ ഇസ്രായേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗസ്സയിലെ റഫ നഗരം പുനർനിർമിക്കുമെന്ന് അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ വാഗ്ദാനം ചെയ്യപ്പെട്ട സ്ഥലത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനോ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനോ ഉള്ള യാതൊരു സൂചനയും പുതിയ സാറ്റലൈറ്റ് ചിത്രങ്ങളിലില്ല. അതേസമയം സൈനിക നിർമാണങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.

നിലവിൽ ശുജയ്യയിലെ അൽ-മുന്താർ കുന്നുകളിൽ വിപുലമായ സൈനിക വിന്യാസവും കോട്ടകളും നിർമിച്ചിട്ടുണ്ട്. തെക്കൻ മേഖലയിൽ പുതിയ ഔട്ട്‌പോസ്റ്റുകളും റോഡുകളും നിർമിക്കുന്നത് തുടരുകയാണ്. കൂടാതെ മാഘസി ക്യാമ്പിന് സമീപം വലിയ കിടങ്ങുകളും മൺതിട്ടകളും നിർമിച്ചതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.


അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ബന്ധു കൂടിയായ ജാരദ് കുഷ്നർ അവതരിപ്പിച്ച 'ന്യൂ റഫ' പദ്ധതിയെ മനുഷ്യാവകാശ സംഘടനകൾ രൂക്ഷമായി വിമർശിച്ചു. ഗസ്സയെ ചെറിയ ജനവാസ ബ്ലോക്കുകളാക്കി തിരിക്കാനും സൈനിക നിയന്ത്രണത്തിലുള്ള ഗെറ്റോകൾ നിർമിക്കാനുമുള്ള നീക്കമാണിതെന്ന് യൂറോ-മെഡ് ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പദ്ധതി പ്രകാരം ഫലസ്തീനികൾ സൈനിക പരിശോധനകൾക്ക് വിധേയമായി മാത്രമേ താമസസ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കപ്പെടൂ.

ഗസ്സയിലെ യെല്ലോ ലൈൻ അഥവാ വെടിനിർത്തൽ അതിർത്തി ഇസ്രായേൽ ഏകപക്ഷീയമായി മാറ്റിവരക്കുന്നതായും റിപ്പോർട്ടിലുണ്ട്. ഗസ്സയിൽ ഫലസ്തീനികൾ താമസിക്കേണ്ട ഭൂമിയിലേക്ക് 580 മീറ്ററോളം അതിക്രമിച്ചു കയറിയ ഇസ്രായേൽ സൈന്യം പുതിയ അതിർത്തി നിർമിച്ചിട്ടുണ്ടെന്നും പറയുന്നു. ഇതിനിടെ ഗസ്സ ഒരിക്കലും വിട്ടുപോകില്ലെന്നും അവിടെ സൈനികവു കാർഷികവുമായ സെറ്റിൽമെന്റുകൾ സ്ഥാപിക്കുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.


കഴിഞ്ഞ ഒക്ടോബറിൽ ട്രംപിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഗസ്സയിലെ ജനതക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾക്ക് കുറവില്ല. വെടിനിർത്തലിന് ശേഷം മാത്രം 750 പേർ കൊല്ലപ്പെടുകയും 2,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആകെ മരണം 72,300 കടന്നു. 

ഗസ്സയിലെ യഥാർത്ഥ സാഹചര്യം പുറംലോകം അറിയാതിരിക്കാൻ സംഘർഷ മേഖലകളിൽ നിന്നുള്ള സാറ്റലൈറ്റ് ചിത്രങ്ങൾ നൽകുന്നതിന് അമേരിക്കൻ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗസ്സയിലെ പുനർനിർമാണത്തിന് ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച പദ്ധതികൾ വലിയ പരാജയമാണെന്ന് ഓക്സ്ഫാം പോലുള്ള അന്താരാഷ്ട്ര സംഘടനകൾ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്..

Tags:    
News Summary - Satellite images reveal Israel expanding Gaza military sites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.