റുഷ്ദി വധഭീഷണി നേരിട്ടത് പലതവണ

ന്യൂയോർക്: യു.എസിലെ പ്രസംഗവേദിയിൽ കുത്തേറ്റ ഇന്ത്യൻ വംശജനായ നോവലിസ്റ്റ് സൽമാൻ റുഷ്ദിക്ക് വധഭീഷണി നേരിടേണ്ടിവന്നത് പലതവണ. 1988ൽ പ്രസിദ്ധീകരിച്ച നാലാമത്തെ നോവലായ ദ സാത്താനിക് വേഴ്‌സസാണ് റുഷ്ദിയുടെ വിവാദ കൃതി. പ്രവാചക നിന്ദയാരോപിച്ച് ഇന്ത്യയടക്കം പലരാജ്യങ്ങളും നിരോധിച്ച പുസ്തകമാണ് സാത്താനിക് വേഴ്സസ്. ഇത് പ്രസിദ്ധീകരിച്ചശേഷം അദ്ദേഹത്തിന് ഒളിവിൽ പോകേണ്ടിവന്നു. തുടർച്ചയായി വധഭീഷണി ഉയർന്നു.

1989ൽ ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല ഖാംനഈ റുഷ്ദിയെ വധിക്കുന്നവർക്ക് 30 ലക്ഷം യു.എസ് ഡോളർ ഇനാം പ്രഖ്യാപിച്ചു. അമേരിക്കയും ഫ്രാൻസും മറ്റു പാശ്ചാത്യ രാജ്യങ്ങളും വധഭീഷണിയെ അപലപിച്ചു. പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചെങ്കിലും ഇനാമായി പ്രഖ്യാപിച്ച തുക ഉയർത്തിയാണ് അതിനെ ഇറാൻ തള്ളിയത്.

യു.കെയും ഇറാനും നയതന്ത്രബന്ധം വിച്ഛേദിക്കുന്നതടക്കമുള്ള ഒട്ടേറെ രാഷ്ട്രീയ നീക്കങ്ങൾക്കും പുസ്തകം വഴി​വെച്ചു. മതനിന്ദ ആക്ഷേപമുയർന്നതോടെ മുസ്‍ലിം രാജ്യങ്ങളും ദക്ഷിണാഫ്രിക്കയും പാകിസ്താനും പുസ്തകം നിരോധിച്ചു. എന്നിട്ടും രണ്ടു മാസത്തിനുശേഷം പ്രതിഷേധം തെരുവിൽ ശക്തിപ്രാപിച്ചു. എന്നാൽ, ആരോപണങ്ങൾ റുഷ്ദി തള്ളി. റുഷ്ദി വിരുദ്ധ കലാപത്തിൽ ആളുകൾ കൊല്ലപ്പെട്ടു. തെഹ്‌റാനിലെ ബ്രിട്ടീഷ് എംബസിക്ക് കല്ലേറുണ്ടായി. പ്രസാധകരായ വൈക്കിങ് പെൻഗ്വിന്റെ ലണ്ടൻ ഓഫിസുകളിൽ പ്രതിഷേധിക്കുകയും ന്യൂയോർക് ഓഫിസിൽ വധഭീഷണി ലഭിക്കുകയും ചെയ്തു. 1998ൽ റുഷ്ദിക്കെതിരായ വധശിക്ഷ ഇറാൻ ഔദ്യോഗികമായി പിൻവലിച്ചു.

1947 ജൂൺ 19ന് മുംബൈയിലാണ് റുഷ്ദിയുടെ ജനനം. 14 വയസ്സുള്ളപ്പോൾ ഇംഗ്ലണ്ടിലേക്ക്. പിന്നീട് കേംബ്രിജിലെ കിങ്സ് കോളജിൽനിന്ന് ചരിത്രത്തിൽ ബിരുദം നേടി. തുടർന്ന് ബ്രിട്ടീഷ് പൗരനായി. ആദ്യ പുസ്തകം ഗ്രിമസ് കാര്യമായി വായനക്കാർ സ്വീകരിച്ചില്ല. അഞ്ചാണ്ടിനു ശേഷമാണ് 1981ലെ ബുക്കർ പ്രൈസ് നേടിയ മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ വായനക്കാരിലെത്തുന്നത്. 2015ൽ പ്രസിദ്ധീകരിച്ച ​'ടു ഇയേഴ്സ് എയ്റ്റ് മന്ത്സ് ആന്റ് ട്വന്റി എയ്റ്റ് നൈറ്റ്സ്' എന്ന നോവലാണ് പുറത്തിറങ്ങിയ അവസാന നോവൽ. മാജിക്കൽ റിയലിസവും ചരിത്രവും കാൽപനികതയുമാണ് മിക്ക കൃതികളുടെയും ഇതിവൃത്തം. എല്ലാ കൃതികളുടെയും പശ്ചാത്തലം ഇന്ത്യൻ ഉപഭൂഖണ്ഡമാണ്. എങ്കിലും, അദ്ദേഹത്തിന്റെ കൃതികളുടെ പ്രധാന ആശയം കിഴക്കും പടിഞ്ഞാറും തമ്മിലുള്ള നീണ്ടതും ധന്യവും പലപ്പോഴും ദുഃഖപൂർണവുമായ ബന്ധങ്ങളുടെയും കുടിയേറ്റങ്ങളുടെയും ബന്ധവിച്ഛേദങ്ങളുടെയും കഥയാണ്.

Tags:    
News Summary - Salman Rushdie and death threats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.