കിയവിലെ കെട്ടിടങ്ങൾക്കടുത്ത് തകർന്നുവീണ ചെറുവിമാനാവശിഷ്ടത്തിനരികെ യുക്രെയ്ൻ സൈനികർ
കിയവ്: ലോക ജനതയെ ചകിതരാക്കി യുക്രെയ്നുമേൽ റഷ്യ നടത്തിയ കടന്നാക്രമണത്തിന്റെ രണ്ടാംദിനം തലസ്ഥാന നഗരിയായ കിയവ് വീഴാനൊരുങ്ങുന്നു. യുക്രെയ്ന്റെ ഭരണ-സൈനിക-ജനവാസ കേന്ദ്രങ്ങൾക്കുനേരെ വെള്ളിയാഴ്ച വ്യോമാക്രമണം നടത്തിയ റഷ്യൻ കരസേന കിയവിലേക്ക് കടന്നുകയറിത്തുടങ്ങിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തലസ്ഥാന നഗരിയിലെ പ്രധാന വിമാനത്താവളവും പിടിച്ചു. തലസ്ഥാന നഗരിയിൽ വെള്ളിയാഴ്ച ഒട്ടേറെ സ്ഫോടനങ്ങളുണ്ടായി. നിരവധി ജനവാസ കേന്ദ്രങ്ങൾക്കു നേരെ ആക്രമണമുണ്ടായിട്ടുണ്ട്. വ്യോമാക്രമണങ്ങളിൽനിന്ന് രക്ഷതേടി കിയവിൽ ഒട്ടേറെ പേർ ഭൂഗർഭ മെട്രോ സ്റ്റേഷനുകളിൽ അഭയം തേടി. പ്രതിസന്ധി ചർച്ചകളിലൂടെ പരിഹരിക്കാൻ റഷ്യക്ക് പിന്തുണ നൽകുന്നതായി ചൈന അറിയിച്ചു.
സാധാരണ പൗരന്മാരടക്കം 137 പേർ കൊല്ലപ്പെട്ടതായി അറിയിച്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി, ജനങ്ങൾ കൊല്ലപ്പെടുന്നത് ഒഴിവാക്കാൻ ചർച്ചക്ക് തയാറാണെന്ന് റഷ്യയെ അറിയിച്ചു. എന്നാൽ, യുക്രെയ്ൻ സേന ആയുധം താഴെവെച്ചാൽ മാത്രമേ ചർച്ചയുടെ വാതിൽ തുറക്കൂ എന്ന് റഷ്യ പ്രതികരിച്ചു. കരിങ്കടലിലെ സ്മിനി ദ്വീപ് കീഴടക്കിയതായും റഷ്യ അവകാശപ്പെട്ടു. പിടിച്ചെടുത്ത ചെർണോബിൽ ആണവകേന്ദ്രത്തിൽ തങ്ങളുടെ സൈന്യത്തെ വിന്യസിച്ചതായും അവർ അറിയിച്ചു. കിയവിനുമേൽ കൂടുതൽ ആക്രമണം നടത്താൻ റഷ്യ, അയൽരാജ്യമായ ബെലറൂസിൽ കൂടുതൽ സേനയെ ഒരുക്കുകയാണെന്നാണ് റിപ്പോർട്ട്. റഷ്യയുടെ രണ്ട് സൈനിക ഹെലികോപ്ടറുകളും ഏഴ് യുദ്ധ വിമാനങ്ങളും വെടിവെച്ചിട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു.
യു.എസ് 'നാറ്റോ'യുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. റഷ്യയെ തടഞ്ഞുനിർത്താൻ കൂടുതൽ കടുത്ത സാമ്പത്തിക ഉപരോധ നീക്കങ്ങൾക്ക് യു.എസും യൂറോപ്യൻ രാജ്യങ്ങളും നീക്കം തുടങ്ങി. യുക്രെയ്നെ 'നാറ്റോ' സൈനിക സഖ്യത്തിൽ ചേർക്കാനുള്ള യു.എസ്-യൂറോപ്യൻ നീക്കം ചൂണ്ടിക്കാണിച്ച്, മാസത്തോളം നീണ്ട ഭീഷണിക്കൊടുവിൽ വ്യാഴാഴ്ച രാവിലെയാണ് റഷ്യ ആക്രമണം ആരംഭിച്ചത്. ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളിലെ പൗരൻമാർക്ക് സുരക്ഷിത മാർഗമൊരുക്കുന്നതിന് അയൽ രാജ്യമായ ഹംഗറി 'മാനുഷിക ഇടനാഴി' തുറന്നു. ഇതിനിടെ, യുക്രെയ്ൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭയിൽ തങ്ങളെ പിന്തുണക്കണമെന്ന് റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടു.
ഒരു ലക്ഷത്തിലേറെ പേർ കിടപ്പാടം വിട്ടിറങ്ങേണ്ടി വന്നിട്ടുണ്ടെന്നും ആയിരക്കണക്കിന് ആളുകൾ അയൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഒഴുകുകയാണെന്നും ഐക്യരാഷ്ട്രസഭ അഭയാർഥികാര്യ ഏജൻസി വ്യക്തമാക്കി. ഇതിനിടെ, പുടിന്റെ ഏകാധിപത്യ ഭരണകൂട ഭീഷണി വകവെക്കാതെ യുക്രെയ്ൻ ആക്രമണത്തെ അപലപിച്ച് ആയിരക്കണക്കിന് റഷ്യക്കാർ, മോസ്കോയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവിലിറങ്ങി. ഒട്ടേറെ പേർ അറസ്റ്റിലായിട്ടുണ്ട്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിച്ച് ആധിപത്യം സ്ഥാപിക്കാനുള്ള റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നീക്കം ചെറുക്കാൻ അന്താരാഷ്ട്ര സമൂഹം തങ്ങളെ സഹായിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് ആവർത്തിച്ച് ആവശ്യപ്പെട്ടു.
''അധിനിവേശത്തിനെതിരെ എല്ലാ ശക്തിയും ഉപയോഗിച്ച് പൊരുതാൻ നമ്മുടെ സേനയോട് ആഹ്വാനം ചെയ്യുകയാണ്. നമുക്ക് നാം മാത്രമാണുള്ളത്'' - സെലൻസ്കി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.