കിയവ്: റഷ്യൻ സൈന്യം ചെർണോബിൽ ആണവ റിയാക്ടർ ഉൾപ്പെടുന്ന മേഖല പിടിച്ചെടുത്തു. റഷ്യൻ സൈന്യം എത്തിയെന്ന് യുക്രെയ്ൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് ചെർണോബിലും വീണുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ബെലറൂസ് വഴിയാണ് സൈന്യം ചെർണോബിലിലെത്തിയത്. ആണവ ദുരന്തത്തെ തുടർന്ന് 1986 മുതൽ ഈ നിലയം പ്രവർത്തനരഹിതാണ്. നിലയം സൈന്യം തകർക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
അതേസമയം യുക്രെയ്ൻ അധിനിവേശത്തെ ന്യായീകരിച്ച് പുടിൻ വീണ്ടും രംഗത്തെത്തി. യുക്രെയ്നെതിരെ പ്രത്യേക ഓപ്പറേഷന് ഉത്തരവിടുകയല്ലാതെ തനിക്ക് മുന്നിൽ മറ്റ് വഴികളില്ലായിരുന്നുവെന്ന് പുടിൻ പറഞ്ഞു. റഷ്യയുടെ സുരക്ഷ ഉറപ്പാക്കാനാണ് ആക്രമണം നടത്തിയതെന്നും പുടിൻ വിശദീകരിച്ചു.
യുക്രെയ്ൻ വിഷയത്തിൽ യു.എസ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇന്ന് തന്നെ പ്രസിഡന്റ് ജോ ബൈഡൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, യു.കെ റഷ്യക്കെതിരെ കൂടുതൽ നടപടികളുമായി രംഗത്തെത്തി. റഷ്യൻ പൗരൻമാർക്കും ബാങ്കുകൾക്കും മേൽ കൂടുതൽ നിയന്ത്രണങ്ങൾ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു.
തലസ്ഥാനമായ കിയവ് അടക്കം പ്രധാന നഗരങ്ങളിൽ ശക്തമായ ആക്രമണമാണ് റഷ്യ അഴിച്ചുവിടുന്നത്. വ്യോമാക്രമണത്തിന് പിന്നാലെ റഷ്യൻ കരസേനയും അതിർത്തി ഭേദിച്ച് യുക്രെയ്നിൽ പ്രവേശിച്ചു. യുക്രെയ്നിന്‍റെ കര, നാവിക, വ്യോമ കേന്ദ്രങ്ങളിലാണ് കനത്ത ആക്രമണം നടത്തിയത്.
വടക്ക് ബെലറൂസ്, തെക്ക് ഒഡേസ, കിഴക്ക് ഡോൺബാസ് എന്നീ അതിർത്തികൾ വഴിയും കരിങ്കടൽ വഴിയുമാണ് ആക്രമണം. കിയവ് കൂടാതെ യുക്രെയ്നിലെ വടക്ക് കിഴക്ക് ഭാഗത്തെ വലിയ നഗരമായ കർക്കീവ്, ക്രമറ്റോസ്, ഡിപ്രോ, മരിയ പോൾ, ഒഡേസ, സെപോർസിയ എന്നിവിടങ്ങളിൽ വ്യോമാക്രമണം നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.