'യുദ്ധം യുക്രെയ്നിലാണ്, മോസ്കോയിലെ തെരുവുകളിൽ മൃതദേഹങ്ങളില്ല'; ഗുട്ടെറസിന്‍റെ റഷ്യ സന്ദർശനത്തെ വിമർശിച്ച് സെലൻസ്കി

കിയവ്: യുക്രെയ്ൻ അധിനിവേശം രണ്ടു മാസം പിന്നിടുന്നതിനിടെ, റഷ്യ സന്ദർശിക്കാനുള്ള യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന്‍റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. ആദ്യം റഷ്യയിലേക്കും പിന്നീട് യുക്രെയ്നും സന്ദർശിക്കാനുള്ള തീരുമാനം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഈ തീരുമാനത്തിൽ ന്യായവും യുക്തിയുമില്ലെന്നും സെലൻസ്കി കുറ്റപ്പെടുത്തി.

ചൊവ്വാഴ്ച മോസ്കോ സന്ദർശിക്കുന്ന ഗുട്ടെറസ്, വ്യാഴാഴ്ചയാണ് കിയവിലെത്തുന്നത്. 'യുദ്ധം യുക്രെയ്നിലാണ്. മോസ്കോയുടെ തെരുവുകളിൽ മൃതദേഹങ്ങളില്ല. ആദ്യം യുക്രെയ്നിലെത്തി അവിടുത്തെ ജനങ്ങളെയും അധിനിവേശത്തിന്‍റെ ദുരിതവും നേരിട്ടുകാണുന്നതിലാണ് യുക്തി' -സെലൻസ്കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താൻ തയാറാണെന്നും സെലൻസ്കി വ്യക്തമാക്കി.

തിങ്കളാഴ്ച യുക്രെയ്ൻ-റഷ്യ സമാധാന ചർച്ചകൾക്ക് മധ്യസ്ഥം വഹിക്കുന്ന തുർക്കി സന്ദർശിച്ചതിനുശേഷമാണ് ഗുട്ടെറസ് ഇരുരാജ്യങ്ങളിലേക്കും പോകുന്നത്. ഒഡേസയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞടക്കം എട്ടുപേർ മരിച്ചു. കൂടാതെ, ലുഹാൻസ്ക് മേഖലയിൽ നടത്തിയ ഷെല്ലിങ്ങിൽ ആറു പേർ കൊല്ലപ്പെട്ടതായും സെലൻസ്കി അറിയിച്ചു. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിൽ ഏഷ്യൻ രാജ്യങ്ങൾ നിലപാട് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അധിനിവേശത്തെ തുടർന്ന് യുക്രെയ്നിൽനിന്നുള്ള 90 മില്യൺ ടൗൺ ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതി തടസ്സപ്പെട്ടിരിക്കുകയാണെന്നും ഇത് ഏതാനും രാജ്യങ്ങളിൽ വിലക്കയറ്റത്തിനും ക്ഷാമത്തിനും കാരണമാകുമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.

Tags:    
News Summary - Russia-Ukraine War: Zelenskyy slams UN chief’s Russia visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.