വാഷിങ്ടൺ: റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ ചർച്ചയിൽ കാര്യമായ പുരോഗതിയില്ലെങ്കിൽ മധ്യസ്ഥതയിൽനിന്ന് പിന്മാറുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുമാണ് ഇതു സംബന്ധിച്ച വ്യക്തമായ സൂചന നൽകിയത്.
വെടിനിർത്തൽ ചർച്ച റഷ്യ നീട്ടിക്കൊണ്ടുപോകുന്നു എന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് യു.എസ് നേതൃത്വം നിലപാട് അറിയിച്ചത്. വെടിനിർത്തൽ ചർച്ച മാസങ്ങളോളം നീട്ടിക്കൊണ്ടുപോകില്ലെന്ന് റൂബിയോ പറഞ്ഞു. ദിവസങ്ങൾക്കകം ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. സാധ്യമല്ലെങ്കിൽ മധ്യസ്ഥത അവസാനിപ്പിക്കുമെന്നും റൂബിയോ കൂട്ടിച്ചേർത്തു. വെടിനിർത്തൽ ചർച്ച അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് റൂബിയോക്ക് പിന്നാലെ ട്രംപും പ്രതികരിച്ചു. എന്നാൽ, ചർച്ചകൾ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനാണ് നീട്ടിക്കൊണ്ടുപോകുന്നതെന്ന ആരോപണം ട്രംപ് നിഷേധിച്ചു. വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ സമയപരിധി നിശ്ചയിക്കാനും അദ്ദേഹം വിസമ്മതിച്ചു.
വെടിനിർത്തൽ ചർച്ച പുടിൻ നീട്ടിക്കൊണ്ടുപോകുന്നതായി യൂറോപ്യൻ നേതാക്കൾ ആരോപിക്കുകയും സമാധാന ഉടമ്പടി ഉടനെയൊന്നും യാഥാർഥ്യമാകില്ലെന്ന് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ സമ്മതിക്കുകയും ചെയ്തിരുന്നു. അതേസമയം, സമാധാന ചർച്ചയിൽ ചില പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും യു.എസുമായി വിശദ ചർച്ചക്ക് റഷ്യ തയാറാണെന്നുമാണ് വക്താവ് ദിമിത്രി പെസ്കോവ് ആരോപണങ്ങളോട് പ്രതികരിച്ചത്.
അതിനിടെ, ശനിയാഴ്ച വൈകീട്ട് ആറ് മുതൽ ഞായറാഴ്ച പുലർച്ചെ 12 വരെ യുക്രയ്നിൽ പുടിൻ ഈസ്റ്റർ വെടിനിർത്തൽ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.