ഇസ്രായേലിനെ തകർക്കാൻ ഇറാന് റഷ്യൻ സഹായം; ഉപഗ്രഹങ്ങൾ വഴി നിരീക്ഷണം, ഊർജ്ജ നിലയങ്ങളുടെ പട്ടിക കൈമാറി

വാഷിങ്ടൺ/ടെൽ അവീവ്: അമേരിക്കക്കും ഇസ്രായേലിനുമെതിരെയുള്ള സൈനിക നീക്കങ്ങളിൽ ഇറാനെ സഹായിക്കാൻ റഷ്യ രഹസ്യമായി രംഗത്തിറങ്ങിയതായി റിപ്പോർട്ട്. മിഡിൽ ഈസ്റ്റിലെ യു.എസ് സൈനിക താവളങ്ങളുടെയും ഇസ്രായേലിലെ തന്ത്രപ്രധാനമായ ഊർജ്ജ നിലയങ്ങളുടെയും കൃത്യമായ വിവരങ്ങൾ റഷ്യ ഇറാന് കൈമാറിയതായി യുക്രേനിയൻ ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റഷ്യൻ ഉപഗ്രഹങ്ങൾ വഴി മിഡിൽ ഈസ്റ്റിലെ 11 രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന 46 സൈനിക കേന്ദ്രങ്ങൾ നിരീക്ഷിച്ചതായാണ് കണ്ടെത്തൽ. സൗദി അറേബ്യ, ഇസ്രായേൽ, ജോർദാൻ, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളുടെയും എണ്ണപ്പാടങ്ങളുടെയും ഹൈ-റെസല്യൂഷൻ ചിത്രങ്ങൾ റഷ്യ ഇറാന് നൽകിയിട്ടുണ്ട്.

റഷ്യൻ ഉപഗ്രഹങ്ങൾ നിരീക്ഷണം നടത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ കേന്ദ്രങ്ങളിൽ ഇറാൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മാർച്ച് 27ന് സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിൽ നടന്ന ആക്രമണത്തിന് പിന്നിൽ ഇത്തരമൊരു നിരീക്ഷണമുണ്ടായിരുന്നു. ഇസ്രായേലിലെ 55 അതീവ സുപ്രധാന ഊർജ്ജ കേന്ദ്രങ്ങളുടെ പട്ടിക റഷ്യ ഇറാന് നൽകിയതായാണ് സൂചന.

ഹദേരയിലെ 'ഒറോട്ട് റാബിൻ' പവർ സ്റ്റേഷൻ തകർക്കാൻ റഷ്യ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഇസ്രായേലിന്റെ വൈദ്യുതി ശൃംഖല ഒറ്റപ്പെട്ടതാണെന്നും ഏതാനും പ്രധാന നിലയങ്ങൾ തകർത്താൽ രാജ്യം മുഴുവൻ ദീർഘകാലം ഇരുട്ടിലാകുമെന്നും റഷ്യ ഇറാനെ ധരിപ്പിച്ചിട്ടുണ്ട്. സൈനിക സഹായത്തിന് പുറമെ സൈബർ മേഖലയിലും ഇരുരാജ്യങ്ങളും കൈകോർക്കുന്നുണ്ട്.

റഷ്യൻ ഹാക്കർമാരും ഇറാന്റെ 'ഹണ്ടാല ഹാക്ക്' പോലുള്ള ഗ്രൂപ്പുകളും ചേർന്ന് ഇസ്രായേലിലെയും ഗൾഫ് രാജ്യങ്ങളിലെയും ടെലികോം, ഊർജ്ജ കമ്പനികളെ ലക്ഷ്യമിടുന്നുണ്ട്. ഇസ്രായേലിലെ നിർണായക കേന്ദ്രങ്ങളുടെ കൺട്രോൾ സിസ്റ്റങ്ങളിലേക്ക് കടന്നുകയറാനുള്ള വിവരങ്ങൾ റഷ്യൻ ഹാക്കർമാർ ടെലിഗ്രാം വഴി കൈമാറുന്നതായും റിപ്പോർട്ടിലുണ്ട്.

ഹുർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തിന് റഷ്യൻ ഉപഗ്രഹങ്ങൾ പിന്തുണ നൽകുന്നുണ്ട്. ആഗോളതലത്തിൽ എണ്ണ-വാതക നീക്കത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഈ പാതയിലെ ശത്രു രാജ്യങ്ങളുടെ കപ്പലുകളെ കണ്ടെത്താൻ റഷ്യ സഹായിക്കുന്നു. റഷ്യയും ഇറാനും തമ്മിൽ കഴിഞ്ഞ വർഷം ഒപ്പിട്ട തന്ത്രപരമായ പങ്കാളിത്ത കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ വിവര കൈമാറ്റമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഈ ആരോപണങ്ങളോട് റഷ്യൻ പ്രതിരോധ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇറാൻ റഷ്യക്ക് ഡ്രോണുകൾ നൽകുന്നതിലുള്ള പ്രതികാരമായാണ് ഈ വിവരങ്ങൾ യുക്രെയ്ൻ പുറത്തുവിട്ടതെന്ന് കരുതപ്പെടുന്നു. വിദേശ രാജ്യങ്ങളുടെ സഹായം തങ്ങളുടെ സൈനിക വിജയങ്ങളെ ബാധിക്കില്ലെന്നാണ് വൈറ്റ് ഹൗസ് വക്താവ് ഒലീവിയ വെയ്ൽസ് പ്രതികരിച്ചത്.

Tags:    
News Summary - Russia reportedly supplying Iran with spy imagery of US and Israeli targets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.