യാംഗോൻ: ബംഗാൾ ഉൾക്കടലിൽ റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞതിനെത്തുടർന്ന് 500 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തുനിന്ന് ജൂൺ അവസാനത്തോടെ യാത്ര തിരിച്ചവരാണ് അപകടത്തിൽപ്പെട്ടതെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഏജൻസിയായ യു.എൻ.എച്ച്.സി.ആറും അന്താരാഷ്ട്ര കുടിയേറ്റ സംഘടനയായ ഐ.ഒ.എമ്മും വ്യാഴാഴ്ച അറിയിച്ചു.
ഏകദേശം 250 പേരുമായി യാത്ര തിരിച്ച ആദ്യ ബോട്ടുമായുള്ള ബന്ധം പുറപ്പെട്ടതിന് പിന്നാലെ തന്നെ നഷ്ടപ്പെട്ടിരുന്നു. 280 പേരുമായി പുറപ്പെട്ട രണ്ടാമത്തെ ബോട്ട് ജൂലൈ എട്ടിന് മ്യാൻമറിലെ അയ്യർവാഡി തീരത്തുവെച്ച് മുങ്ങിയതായാണ് വിവരം. ദുരന്തത്തിന്‍റെ ഔദ്യോഗിക സ്ഥിരീകരണം ഇനിയും വരാനിരിക്കുന്നതേയുള്ളൂവെങ്കിലും, വൻതോതിലുള്ള ജീവഹാനി സംഭവിച്ചതായി ഏജൻസികൾ ആശങ്ക പ്രകടിപ്പിച്ചു. മൺസൂൺ കാലത്ത് കടൽ അതീവ പ്രക്ഷുബ്ധമായിരിക്കുമെന്നറിഞ്ഞിട്ടും ജീവൻ പണയപ്പെടുത്തി ഇവർ യാത്ര ചെയ്തത്, അഭയാർഥി ക്യാമ്പുകളിലെ ദുരിതജീവിതം മൂലമാണ്. ബംഗ്ലാദേശിലെ ക്യാമ്പുകളിൽ ഭക്ഷ്യസഹായം വെട്ടിക്കുറച്ചതും മ്യാൻമറിലെ സൈനിക ഭരണകൂടത്തിന്റെ അതിക്രമങ്ങളും റോഹിങ്ക്യകളെ കൂടുതൽ അപകടകരമായ യാത്രകളിലേക്ക് തള്ളിവിടുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2025-ൽ മാത്രം 6,500-ഓളം റോഹിങ്ക്യകളാണ് കടൽമാർഗം പലായനം ചെയ്തത്. ഇതിൽ 900 പേർ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തു. ലോകത്ത് അഭയാർഥികൾ സഞ്ചരിക്കുന്നതിൽ ഏറ്റവും അപകടകരമായ പാതകളിലൊന്നായി ഈ മേഖല മാറിയിരിക്കുകയാണ്. കടലിലെ തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമാക്കണമെന്നും അഭയാർഥികൾക്ക് അന്താരാഷ്ട്ര സംരക്ഷണം ഉറപ്പാക്കണമെന്നും ഐക്യരാഷ്ട്രസഭ ആഗോള സമൂഹത്തോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.