എബോള വൈറസ്; പുതിയ വകഭേദത്തിനെതിരെ റഷ്യ വാക്സിൻ വികസിപ്പിച്ചതായി റിപ്പോർട്ട്‌

മോസ്കോ: പടർന്നുപിടിക്കുന്ന പുതിയ എബോള വൈറസ് വകഭേദത്തിനെതിരെ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യൻ ആരോഗ്യ മന്ത്രി മിഖായേൽ മുറാഷ്കോ. ദക്ഷിണാഫ്രിക്കയിലെ റഷ്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോംഗോയിലെ ഇപ്പോഴത്തെ പടർന്നുപിടിക്കലിന് കാരണമായതും, നിലവിൽ ലഭ്യമായ വാക്സിനുകൾ ഫലിക്കാത്തതുമായ അതീവ മാരകമായ 'ബുന്ദിബുഗ്യോ' വകഭേദത്തിനെതിരെ ഈ പുതിയ വാക്സിൻ പ്രതിരോധം തീർക്കുമെന്നാണ് റഷ്യൻ ശാസ്ത്രജ്ഞർ പറയുന്നത്.

കോംഗോയിലും ഉഗാണ്ടയിലും എബോള വകഭേദം അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ, ലോകാരോഗ്യ സംഘടന 'അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി' പ്രഖ്യാപിച്ചിരുന്നു. രോഗവ്യാപനം തടയുന്നതിനായി ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി മേയ് 22ന് പ്രത്യേക താൽക്കാലിക നിർദേശങ്ങൾ പുറപ്പെടുവിച്ചു. വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽനിന്നുള്ള യാത്രക്കാരിൽ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ അവരെ കൃത്യമായി നിരീക്ഷിക്കാനും പരിശോധിക്കാനും അതിർത്തികളിലെ പോയന്റ് ഓഫ് എൻട്രികളിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ഈ പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

രക്തസ്രാവത്തോടു കൂടിയ കടുത്ത പനിക്ക് കാരണമാകുന്ന അതിമാരകമായ രോഗമാണ് എബോള. നിലവിൽ ബുന്ദിബുഗ്യോ വകഭേദത്തിനെതിരെ അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ റഷ്യയുടെ പുതിയ കണ്ടെത്തൽ ആഗോള ആരോഗ്യരംഗത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

കോംഗോയിൽ പടരുന്ന എബോള വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. നിലവിൽ 220ലധികം പേർ വൈറസ് ബാധ കാരണം മരിച്ചതായാണ് സംശയിക്കുന്നത്. കോംഗോയിൽ ഇതുവരെ 900ലധികം സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ഇറ്റൂരി പ്രവിശ്യയിൽനിന്ന് 200 കിലോമീറ്റർ ദൂരേക്ക് രോഗം വ്യാപിച്ചിട്ടുണ്ട്. കോംഗോക്ക് പുറമെ ഉഗാണ്ടയിലും ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Russia reportedly develops vaccine against new Ebola strain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.