എതിരില്ലാതെ പുടിൻ; വൻ ഭൂരിപക്ഷം; ആറുവർഷം കൂടി അധികാരത്തിൽ തുടരാം

മോസ്കോ: പ്രതിപക്ഷത്തെ ഒതുക്കി പാത സുഗമമാക്കിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ലാദിമിർ പുടിന് പ്രതീക്ഷക്കൊത്ത ‘ഏകപക്ഷീയ’ വിജയം. 87.8 ശതമാനം വോട്ട് നേടിയാണ് 71കാരൻ അഞ്ചാമൂഴത്തിൽ അധികാരമുറപ്പിച്ചത്.

കമ്യൂണിസ്റ്റ് പാർട്ടി നേതാവ് നികോലയ് ഖാറിറ്റോനോവ്, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ലിയോനിഡ് സ്ലട്സ്കി, ന്യൂ പീപ്ൾ പാർട്ടി നേതാവ് വ്ലാദിസ്ലാവ് ദാവൻകോവ് എന്നിവർക്ക് പുടിന് വെല്ലുവിളി ഉയർത്താനായില്ല. അതേസമയം, പുടിന്റേത് ഏകാധിപത്യമാണെന്നും ഔദ്യോഗിക സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ പ്രഹസനമായിരുന്നു റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്നും പാശ്ചാത്യ രാജ്യങ്ങൾ വിമർശിച്ചു. പ്രധാന നേതാക്കളെ ജയിലിലടക്കുകയോ നാടുകടത്തുകയോ മത്സരിക്കുന്നതിൽനിന്ന് വിലക്കുകയോ ചെയ്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രഹസനത്തിൽ അഭിമാനിക്കാൻ ഒന്നുമില്ലെന്ന് റഷ്യൻ പ്രതിപക്ഷവും ആരോപിച്ചു. ആറുവർഷമാണ് നിലവിൽ പ്രസിഡന്റ് പദവിയുടെ കാലാവധി. വീണ്ടും മത്സരിക്കാനും തടസ്സമില്ല.

നാലുവർഷ കാലാവധിയിൽ തുടർച്ചയായി രണ്ടുതവണയേ ഒരാൾക്ക് പ്രസിഡന്റാകാൻ കഴിയൂ എന്ന വ്യവസ്ഥ രാജ്യം 2008ൽ ഭരണഘടന ഭേദഗതിയിലൂടെ ഒഴിവാക്കിയിരുന്നു. 1999ൽ ബോറിസ് യെൽസ്റ്റിന്റെ പെട്ടെന്നുള്ള രാജിയെ തുടർന്ന് താൽക്കാലിക പ്രസിഡന്റ് പദവി ഏറ്റെടുത്ത പുടിൻ 2000ത്തിലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് പ്രസിഡന്റായി.

2004ൽ വീണ്ടും ജയിച്ചു. രണ്ടുതവണയിൽ കൂടുതൽ തുടർച്ചയായി പ്രസിഡന്റാകാൻ കഴിയില്ല എന്ന് വ്യവസ്ഥയുള്ളതിനാൽ 2008 മേയ് എട്ടുമുതൽ 2012 വരെ പ്രധാനമന്ത്രി പദവിയാണ് അദ്ദേഹം വഹിച്ചത്. ദിമിത്രി മെദ്‍വദേവ് ആയിരുന്നു ഈ കാലയളവിൽ പ്രസിഡന്റ്. 2012ൽ തെരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രസിഡന്റായ അദ്ദേഹത്തിന് പിന്നീട് മാറേണ്ടിവന്നിട്ടില്ല. മേയിൽ വീണ്ടും ചുമതലയേൽക്കും.

പുടിനെ അഭിനന്ദിച്ച് മോദിയും ഷി ജിൻപിങ്ങും

ബെയ്ജിങ്: റഷ്യൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വ്ലാദിമിർ പുടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും. പുടിന് അഭിനന്ദനങ്ങൾ നേരുന്നതായും വരും വർഷങ്ങളിലും പങ്കാളിത്തം ശക്തിപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി എക്സിൽ കുറിച്ചു.

പുടിനിലുള്ള റഷ്യൻ ജനതയുടെ വിശ്വാസവും പിന്തുണയുമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നതെന്ന് ഷി ജിൻപിങ് പറഞ്ഞു. റഷ്യയുമായി തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്താൻ ചൈന സന്നദ്ധമാണ്. അദ്ദേഹത്തിന് കീഴിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ റഷ്യക്ക് കഴിയും. -ഷി ജിൻപിങ് പറഞ്ഞു.

Tags:    
News Summary - Russia: 'Record' win for unopposed Putin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.