തെൽഅവീവ്: സ്ത്രീകളും കുട്ടികളുമടക്കം ലക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന ഗസ്സ നഗരത്തിൽ ഇസ്രായേൽ രക്തരൂക്ഷിത ആക്രമണം നടത്തുന്നതിനിടെ നേരിയ തോതിൽ തിരിച്ചടിച്ച് തിരിച്ചടിച്ച് ഫലസ്തീൻ വിമോചന സംഘടനയായ ഹമാസ്. ഗസ്സയിൽ നിന്ന് ഇസ്രായേലിലെ നഹൽ ഓസിലേക്ക് റോക്കറ്റ് തൊടുത്തുവിട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
നഹൽ ഓസിലെ കമ്യൂണിറ്റിയെ ലക്ഷ്യമാക്കി ഗസ്സയിൽനിന്ന് വിക്ഷേപിച്ച റോക്കറ്റ് തകർക്കാൻ ഇന്റർസെപ്റ്റർ മിസൈൽ വിക്ഷേപിച്ചതായും ഫലം ലഭ്യമായിട്ടില്ലെന്നും ഐ.ഡി.എഫ് പ്രസ്താവനയിൽ പറഞ്ഞു. കമ്മ്യൂണിറ്റിക്ക് സമീപമുള്ള പ്രദേശങ്ങളിൽ സൈറണുകൾ മുഴങ്ങിയതായും അറിയിച്ചു.
ഗസ്സയിൽ കൂട്ടക്കുരുതി നടത്താൻ എത്തിയ അധിനിവേശ സൈനികർക്ക് നേരെ ഹമാസ് നടത്തിയ വെടിവെപ്പിൽ ഒരു ഇസ്രായേൽ സൈനികന് പരിക്കേറ്റു. ഇന്ന് രാവിലെ വടക്കൻ ഗസ്സയിൽ നടന്ന പോരാട്ടത്തിനിടെയാണ് വെടിയേറ്റതെന്ന് ഐ.ഡി.എഫ് സ്ഥിരീകരിച്ചു. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അതിനിടെ, ഗസ്സയിൽ 24 മണിക്കൂറിനിടെ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 61 ഫലസ്തീനികളെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി. 220 പേർക്ക് പരിക്കേറ്റു. ഗസ്സ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികൾ 65,344 ആയി. 1,66,795 പേർക്കാണ് പരിക്കേറ്റത്.
ഗസ്സ സിറ്റിയിൽ സ്കൂളിൽ പ്രവർത്തിച്ചിരുന്ന അഭയാർഥി ക്യാമ്പ് ഉൾപ്പെടെ ഒഴിയണമെന്ന് ഇസ്രായേൽ സൈന്യം ഭീഷണി മുഴക്കി. ഗസ്സ സിറ്റിയിൽനിന്നും വടക്കൻ ഗസ്സയിൽനിന്നും കൂട്ടപ്പലായനം തുടരുകയാണ്. ഹമാസിന്റെ നേവൽ പൊലീസ് ഉപമേധാവി ഇയാദ് അബൂ യൂസുവിനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
ലോകമെങ്ങും ഫലസ്തീന് വേണ്ടി മുറവിളി ഉയരുകയാണ്. ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകിയ രാജ്യങ്ങളിലും അല്ലാത്ത രാജ്യങ്ങളിലും ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ നടക്കുന്നുണ്ട്. ഇറ്റലിയിൽ ഗസ്സ ഐക്യദാർഢ്യ പ്രകടനം റെയിൽവേ ഉൾപ്പെടെ പൊതുഗതാഗതം സ്തംഭിപ്പിച്ചു. ഇറ്റലിയിലെ 80 നഗരങ്ങളിൽ കൂറ്റൻ ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടന്നു. ജർമനിയിലും ജപ്പാനിലും ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇസ്രായേൽ ക്രൂരതക്ക് എതിരായും പ്രകടനങ്ങൾ നടന്നു.
അതേസമയം, ഇറ്റലി, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഫലസ്തീനും ഇസ്രായേലും ദ്വിരാഷ്ട്ര പരിഹാരത്തിന് ധാരണയിലെത്തുന്നത് വരെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കില്ലെന്ന് ജർമൻ വിദേശകാര്യ മന്ത്രി ജൊഹാൻ ഡേവിഡ് വേഡ്ഫുൽ പറഞ്ഞു.
കൂടുതൽ രാഷ്ട്രങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഭീഷണിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്തെത്തി. ജോർഡൻ നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാജ്യം ഇനിയുണ്ടാവില്ലെന്നും ഫലസ്തീൻ രാഷ്ട്രമുണ്ടാക്കണമെന്ന് പറയുന്നത് തീവ്രവാദത്തിന് പ്രോത്സാഹനം നൽകുന്നത് പോലെയാണെന്നും നെതന്യാഹു പറഞ്ഞു. യു.കെ ഉൾപ്പെടെ രാഷ്ട്രങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ഇസ്രായേലിന്റെ പ്രതികരണം അടുത്തയാഴ്ച താൻ യു.എസിൽനിന്ന് മടങ്ങിയെത്തിയശേഷം അറിയിക്കാമെന്ന് നെതന്യാഹു പറഞ്ഞു.
ഫ്രാൻസ്, കാനഡ, ആസ്ട്രേലിയ, പോർചുഗൽ, അൻഡോറ, ബെൽജിയം, ലക്സംബർഗ്, മാൾട്ട്, സാൻ മറിനോ തുടങ്ങിയ രാജ്യങ്ങളും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച ആരംഭിച്ച യു.എൻ രക്ഷാസമിതിയുടെ 80ാം വാർഷിക യോഗത്തിൽ നടപടിക്രമം പൂർത്തിയാക്കുമെന്ന് രാജ്യങ്ങൾ പ്രഖ്യാപിച്ചു. സ്പെയിൻ, നോർവേ തുടങ്ങിയ രാജ്യങ്ങൾ കഴിഞ്ഞ വർഷം അംഗീകാരം നൽകി.
ഇസ്രായേലിന്റെ സഖ്യരാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതാണ് നെതന്യാഹുവിനെ ചൊടിപ്പിച്ചത്. നേരത്തേ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യയിലെയും യൂറോപ്പിലെ ചില കിഴക്കൻമേഖല രാജ്യങ്ങളുമാണ് പ്രധാനമായി ഫലസ്തീൻ രാഷ്ട്രം അംഗീകരിച്ചിരുന്നത്. ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളും ഈ വഴിയിലേക്ക് എത്തുകയാണ്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരതയും കൂട്ടക്കൊലയുമാണ് യൂറോപ്യൻ രാഷ്ട്രങ്ങളിൽ ഇസ്രായേലിനെതിരെ ജനവികാരം ഉയർത്തിയതും ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകാൻ രാഷ്ട്രനേതാക്കളെ പ്രേരിപ്പിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.