ലണ്ടൻ: ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അമേരിക്ക, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ രാഷ്ട്രനേതാക്കളുമായി ചർച്ച നടത്തി. നോർത്ത് ലണ്ടനിലെ സിനഗോഗിൽ നടന്ന പ്രാർഥനയിൽ പങ്കെടുത്ത അദ്ദേഹം, രാജ്യത്തെ ജൂതസമൂഹത്തിെന്റ പൂർണ സുരക്ഷ ഉറപ്പാക്കുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, ജർമൻ ചാൻസലർ ഒലോഫ് ഷോൾസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി എന്നിവർ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ ഇസ്രായേലിന് സുസ്ഥിരമായ പിന്തുണ പ്രഖ്യാപിക്കുകയും ഹമാസിന്റെ ഭീകരപ്രവർത്തനത്തെ അപലപിക്കുകയും ചെയ്തു. ഹമാസിെന്റ ഭീകരപ്രവർത്തനത്തിന് നീതീകരണമില്ലെന്നും ആഗോളതലത്തിൽ അപലപിക്കപ്പെടണമെന്നും സുനക് പറഞ്ഞു.
ആക്രമണങ്ങളിൽനിന്ന് രാജ്യത്തെയും ജനങ്ങളെയും പ്രതിരോധിക്കാനുള്ള ശ്രമങ്ങളിൽ ഇസ്രായേലിനെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലസ്തീൻ ജനതയുടെ ന്യായമായ അഭിലാഷങ്ങൾ അംഗീകരിക്കുന്നുവെന്നും ഇസ്രായേലികൾക്കും ഫലസ്തീനികൾക്കുമായുള്ള നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും തുല്യമായ നടപടികളെ പിന്തുണക്കുന്നുവെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ഹമാസ് ആ അഭിലാഷങ്ങളെ പ്രതിനിധാനംചെയ്യുന്നില്ല. കൂടുതൽ ഭീകരതയും രക്തച്ചൊരിച്ചിലുമല്ലാതെ അവർ ഫലസ്തീൻ ജനതക്ക് മറ്റൊന്നും നൽകുന്നില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.