യു.കെയിൽ പൊതുതെരഞ്ഞെടുപ്പ് ജൂ​​ലൈ നാലിന്

ലണ്ടൻ: യു.കെയിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനക്. ജൂലൈ നാലിന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. 2024 ഡിസംബർ 17 വരെ മന്ത്രിസഭക്ക് കാലാവധിയുള്ളപ്പോഴാണ് സുനക് നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കൺസർവേറ്റീവ് പാർട്ടിക്ക് വേണ്ടി താൻ അഞ്ചാമതും അധികാരത്തിലെത്തുമെന്ന് സുനക് പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഋഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. പൊതുതെരഞ്ഞെടുപ്പിലും ലേബർ പാർട്ടി മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രവചനം. ഇതിനിടെയാണ് ഋഷി സുനക് നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

യു.കെയിലെ പണപ്പെരുപ്പം മൂന്ന് വർഷത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു. പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഋഷി സുനക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്. പണപ്പെരുപ്പത്തിന്റെ കണക്കുകൾ മുൻനിർത്തി യു.കെ സമ്പദ്‍വ്യവസ്ഥ കരകയറുകയാണെന്ന് പ്രചാരണം സുനക് നടത്തുമെന്നാണ് സൂചന.

ഈ വർഷമാദ്യം സാമ്പത്തികമാന്ദ്യത്തിൽ നിന്നും യു.കെ കരകയറിയിരുന്നു. ഇപ്പോൾ യു.കെയിലെ പണപ്പെരുപ്പവും മെച്ചപ്പെട്ടിരിക്കുകയാണ്. താൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ നയങ്ങൾ ഇതിന് സഹായിച്ചിട്ടുണ്ടെന്ന് സുനക് പറഞ്ഞു. അതേസമയം, നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ ചില കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്ക് എതിർപ്പുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

Tags:    
News Summary - Rishi Sunak announces UK general election for Thursday 4 July

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.