ബോട്ടിൽ നിന്ന് രക്ഷപ്പെട്ടവരെ കേപ് വെർഡെയിലെ ആശുപത്രിയിൽ ചികിത്സക്കെത്തിച്ചപ്പോൾ

സെനഗാളിൽ നിന്നുള്ള അഭയാർഥി ബോട്ട് മുങ്ങി 63 മരണം; അപകടം അത്‍ലാന്‍റിക് സമുദ്രത്തിൽ

പ്രൈയ (കേപ് വെർഡെ): പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സെനഗാളിൽ നിന്ന് സ്പെയിനിലെ കാനറിയിലേക്ക് നൂറിലേറെ അഭയാർഥികളുമായ പോയ മത്സ്യബന്ധന ബോട്ട് മുങ്ങി 63 പേർ മരിച്ചു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ കേപ് വെർഡെയുടെ കടൽ അതിർത്തിയിൽ ബോട്ട് ഒഴുകി നടക്കുന്നത് ബുധനാഴ്ചയാണ് അധികൃതരുടെ ശ്രദ്ധയിൽപെട്ടതെന്ന് അന്താരാഷ്ട്ര കുടിയേറ്റ സംഘടന (ഐ.ഒ.എം) അറിയിച്ചു. ബോട്ടിൽ അവശേഷിച്ച നാലുകുട്ടികളടക്കമുള്ള 38 പേരെ അധികൃതർ രക്ഷപ്പെടുത്തി.

അഭയാർഥികളുമായി ജൂലൈ 10നാണ് ബോട്ട് സെനഗാൾ തീരം വിട്ടതെന്ന് ഐ.ഒ.എം വക്താവ് സഫ എംസെഹ്‍ലി പറഞ്ഞു. രക്ഷപ്പെട്ടവരിൽ 37 പേർ സെനഗാൾ പൗരന്മാരും ഒരാൾ ഗിനിയ ബിസ്സാവുവിൽ നിന്നുള്ളയാളാണെന്നും സെനഗൽ വിദേശ മന്ത്രാലയം അറിയിച്ചു.

ബോട്ടിന് എന്താണ് സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല. ബോട്ടിലുണ്ടായിരുന്ന ഏഴുപേരുടെ മൃതദേഹാവശിഷ്ടങ്ങൾ ദ്രുതകർമ സേനാംഗങ്ങൾ കണ്ടെടുത്തു. ബാക്കിയുള്ള 56 പേരെ കാണാനില്ല. ഇവരും മരണപ്പെട്ടതായാണ് നിഗമനം. കടലിൽ ഒഴുകി നടക്കുന്ന ബോട്ട് ഒരു സ്പാനിഷ് മത്സ്യബന്ധന ബോട്ടിലുള്ളവരുടെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് കേപ് വെർഡെ അധികൃതരെ വിവരം അറിയിച്ചു. കരയിൽ നിന്ന് 320 കിലോമീറ്റർ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ജൂലൈ പത്തിന് പുറപ്പെട്ട ബോട്ടിലുള്ളവരെ കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് ജൂലൈ 20ന് ഇവരുടെ കുടുംബങ്ങൾ സ്പെയിനിലെ കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടന വാക്കിങ് ബോർഡേഴ്സുമായി ബന്ധപ്പെട്ടിരുന്നു.

രക്ഷപ്പെട്ടവർക്ക് അടിസ്ഥാന സൗകര്യമൊരുക്കുകയും മരിച്ചവരുടെ സംസ്കാരത്തിന് വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് കേപ് വെർഡെ ആരോഗ്യ മന്ത്രി ഫിലോമിന ഗോൺസാൽവസ് പറഞ്ഞു. പട്ടിണിയും യുദ്ധം മൂലമുള്ള ദുരിതങ്ങളും കാരണം ആയിരങ്ങളാണ് ജീവൻ പണയം വെച്ചും ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേക്ക് കുടിയേറുന്നത്.

Tags:    
News Summary - Refugee boat from Senegal sinks, 63 dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.