പ്രതീകാത്മക ചിത്രം
ഇസ്താംബുൾ: സമാധാന ചർച്ചകൾ വഴിമുട്ടിയതിന് പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി അഫ്ഗാനിസ്താൻ. ആത്മാർഥതയില്ലാതെയാണ് പാകിസ്താൻ ചർച്ചകളിൽ പങ്കെടുത്തതെന്നും കാബൂളിൽ പഴിചാരി സ്വയം ന്യായീകരിക്കാൻ ശ്രമിക്കുകയാണെന്നും അഫ്ഗാനിസ്താൻ പറഞ്ഞു. തുർക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥ ശ്രമങ്ങളെ പാകിസ്താൻ തടസ്സപ്പെടുത്തുകയും നിരുത്തരവാദപരമായി പെരുമാറുകയും ചെയ്തുവെന്ന് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ പ്രസ്താവനയിൽ വ്യക്തമാക്കി.
താലിബാൻ സർക്കാരിന്റെ ദേശീയ വക്താവ് സബിഹുള്ള മുജാഹിദ് പുറത്തിറക്കിയ ഔദ്യോഗിക വിശദീകരണത്തിൽ ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിനും മധ്യസ്ഥത വഹിച്ചതിനും തുർക്കി റിപ്പബ്ലിക്കിനും ഖത്തറിനും താലിബാൻ സർക്കാർ നന്ദി അറിയിച്ചു. നവംബർ ആറ്, ഏഴ് തീയതികളിൽ നടന്ന ചർച്ചകളിൽ അഫ്ഗാൻ പ്രതിനിധികൾ ശുഭപ്രതീക്ഷയോടെയാണ് പങ്കെടുത്തത്. പാകിസ്താൻ വിഷയത്തെ ഗൗരവതരമായും ക്രിയാത്മകമായും സമീപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
എന്നാൽ, പാകിസ്താന്റെ ഭാഗത്തുനിന്ന് നിരുത്തരവാദപരവും നിസ്സഹകരണപരവുമായ മനോഭാവമാണുണ്ടായത്. എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്വം അഫ്ഗാൻ സർക്കാരിന് മേൽ അടിച്ചേൽപ്പിക്കാനാണ് ശ്രമമുണ്ടായത്. പാകിസ്താന്റെ പെരുമാറ്റം ചർച്ചകളുടെ മുന്നോട്ടുപോക്കിനെ പ്രതിസന്ധിയിലാക്കിയെന്നും താലിബാൻ വക്താവ് പറഞ്ഞു.
ഇസ്ലാമാബാദിന്റെ നിലപാടിനെ അപലപിച്ച താലിബാൻ, അഫ്ഗാനിസ്താൻ മറ്റൊരു രാജ്യത്തിനെതിരെ തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ഒരു വിദേശ രാജ്യത്തെയും തങ്ങളുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും എതിരായി പ്രവർത്തിക്കാൻ അനുവദിക്കില്ല. അഫ്ഗാനിസ്‍താനിലെ ജനങ്ങളുടെ സംരക്ഷണം എമിറേറ്റിന്റെ ഇസ്ലാമികവും ദേശീയവുമായ കടമയാണ്. അല്ലാഹുവിന്റെയും ജനങ്ങളുടെയും പിന്തുണയോടെ ഏതൊരു ആക്രമണത്തെയും ശക്തമായി പ്രതിരോധിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
പാകിസ്താനിലെ മുസ്ലീം ജനതയുമായുള്ള സാഹോദര്യ ബന്ധം നിലനിൽക്കെത്തന്നെ, പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടേ സഹകരിക്കാനാവൂ എന്നും താലിബാൻ വ്യക്തമാക്കി. ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങൾ അന്താരാഷ്ട്രതലത്തിൽ ഉന്നയിക്കാൻ പാകിസ്താൻ തുടർച്ചയായി ശ്രമിക്കുന്നതിലും മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിലുള്ള വിമുഖതയിലും നിരാശ പ്രകടിപ്പിക്കുന്നതാണ് പ്രസ്താവന.
അതേസമയം, ഇരുരാജ്യങ്ങൾക്കുമിടയിൽ നടന്ന മൂന്നാംറൗണ്ട് ചർച്ചകളിലും കാര്യമായ പോംവഴികളൊന്നും ഉരുത്തിരിഞ്ഞില്ലെന്നും വഴിമുട്ടിയതായും പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും സ്ഥിരീകരിച്ചിട്ടുണ്ട്. വീണ്ടും ചർച്ചകൾക്കുള്ള പദ്ധതിയില്ലെന്നും ആസിഫ് വ്യക്തമാക്കി.
അതേസമയം, പാകിസ്താൻ ഭരണകൂടം അഫ്ഗാനിസ്താനികളുടെ ക്ഷമ പരീക്ഷിക്കരുതെന്ന മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാൻ മന്ത്രി നൂറുള്ള നൂറിയും രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം രാജ്യത്തിന്റെ സാങ്കേതിക വിദ്യയിൽ അമിത ആത്മവിശ്വാസം പുലർത്തുന്നത് നല്ലതല്ല. യുദ്ധമുണ്ടായാൽ അഫ്ഗാനിസ്താനിലെ യുവാക്കൾ മുതൽ മുതിർന്നവർ വരെ പോരാട്ടത്തിനിറങ്ങുമെന്നും നൂറി പറഞ്ഞു.
തെഹ്രീക്-ഇ-താലിബാൻ പാകിസ്താനും (ടി.ടി.പി) പാകിസ്താനും തമ്മിലുള്ള പ്രശ്നം പുതിയതല്ലെന്ന് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ വക്താവ് സബിഹുള്ള മുജാഹിദ് ശനിയാഴ്ച വാർത്ത സമ്മേളനത്തിൽ ആവർത്തിച്ചു. ഇസ്ലാമിക് എമിറേറ്റ് അധികാരത്തിൽ എത്തുന്നതിന് മുമ്പേ, 2002 മുതൽ ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.
ടി.ടി.പിയും പാകിസ്താനും തമ്മിൽ നേരിട്ടുള്ള ചർച്ചകളിലൂടെ പരിഹാരമുണ്ടാക്കാൻ തങ്ങൾ ശ്രമിച്ചു. ഏറെ മുന്നോട്ടുപോകാനായെങ്കിലും പാകിസ്താൻ സൈന്യം അത് അട്ടിമറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാനിസ്താനിൽ ഒരു പരമാധികാര ഭരണകൂടം ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്ന ചില വിഭാഗങ്ങൾ പാക് സൈന്യത്തിലുണ്ടെന്നും മുജാഹിദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.