തെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ യുദ്ധവക്കിലെത്തി നിൽക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ പൊതുവിടത്തിൽ പ്രത്യക്ഷപ്പെട്ട് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ റൂഹുല്ല ഖുമൈനിയുടെ ഖബറിടം സന്ദർശിക്കാനാണ് ആയത്തുല്ല അലി ഖാംനഈ എത്തിയത്.
ഇറാൻ ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ട ശേഷം ഖാംനഈ ആദ്യമായാണ് പൊതുവിടത്തിലെത്തിയത്. അമേരിക്കൻ ആക്രമണം ഭയന്ന് ആയത്തുല്ല അലി ഖാംനഈയെ ഭൂഗർഭ ബങ്കറിലേക്ക് മാറ്റിയെന്നും പ്രചരണങ്ങളുണ്ടായിരുന്നു.
അമേരിക്ക ഇറാനെ ആക്രമിച്ചാൽ പശ്ചിമേഷ്യയിൽ ഒരു പ്രാദേശിക യുദ്ധം തന്നെ ഉണ്ടാകുമെന്ന പ്രതികരണവും അദ്ദേഹം നടത്തി. അമേരിക്കക്കാർ ഒരു യുദ്ധം തുടങ്ങിയാൽ, ഇത്തവണ അത് ഒരു പ്രാദേശിക യുദ്ധമായിരിക്കുമെന്ന് അവർ അറിയണം. ട്രംപ് പതിവായി പറയുന്നുണ്ട്, താൻ കപ്പലുകൾ കൊണ്ടുവന്നുവെന്ന്. ഇത്തരം കാര്യങ്ങൾ കണ്ട് ഭയപ്പെടരുത്, ഇറാൻ ജനത ഇത്തരം ഭീഷണികൾക്ക് വഴങ്ങുകയില്ല... -ഖാംനഈ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഞങ്ങൾ തുടക്കമിടുന്നവരല്ല, ഒരു രാജ്യത്തെയും ആക്രമിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പക്ഷേ ഞ്ഞങ്ങളെ ആക്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ആർക്കും ഇറാനിയൻ രാഷ്ട്രം ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്‍റെ തുടരുന്ന ഭീഷണികൾക്ക് മറുപടിയുമായി നേരത്തെയും ഇറാൻ പ്രതികരിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള ആക്രമണം യു.എസിന്‍റെ ഭാഗത്തുനിന്നുണ്ടായാൽ, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളും വിമാനവാഹിനിക്കപ്പലുകളും നിമിഷങ്ങൾക്കുള്ളിൽ തകർക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ കപ്പലുകൾക്ക് ഗുരുതര സുരക്ഷാ പിഴവുകളുണ്ടെന്നും അവയെല്ലാം തങ്ങളുടെ മിസൈൽ പരിധിയിലാണെന്നും ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രമീനിയ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.