42 ദിനങ്ങൾക്കൊടുവിൽ ഇറാനിൽനിന്ന് റദീൻ തിരിച്ചെത്തി; ചൈനയിലെ ക്ലാസ്മുറിയിൽ വികാരനിർഭരമായ നിമിഷങ്ങൾ -വൈറൽ വിഡിയോ

ചൈന: യുദ്ധഭീതിയുടെ നിഴലിൽ നീറിപ്പുകഞ്ഞ 42 ദിനങ്ങൾക്കൊടുവിൽ എട്ടു വയസ്സുകാരനായ റദീൻ തന്റെ പ്രിയപ്പെട്ട കൂട്ടുകാർക്കിടയിലേക്ക് തിരിച്ചെത്തി. ഇറാനിലെ സംഘർഷഭരിതമായ സാഹചര്യങ്ങളിൽ അകപ്പെട്ടുപോയ തങ്ങളുടെ പ്രിയ സുഹൃത്ത് മടങ്ങിയെത്തിയപ്പോൾ വികാരനിർഭരമായ നിമിഷങ്ങൾക്കാണ് ചൈനയിലെ ആ ക്ലാസ് മുറി സാക്ഷ്യംവഹിച്ചത്.

കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലുള്ള ഷാവോക്സിങ്ങിലെ വിദ്യാലയത്തിലായിരുന്നു ഇറാനിയൻ വംശജനായ റദീൻ പഠിച്ചിരുന്നത്. കുടുംബത്തോടൊപ്പം ചെറിയൊരു സന്ദർശനത്തിനായി ജന്മനാട്ടിലേക്ക് പുറപ്പെടുമ്പോൾ "ഞാൻ ഉടനെ തിരിച്ചെത്തും" എന്ന ഉറപ്പ് അവൻ അധ്യാപകർക്കും കൂട്ടുകാർക്കും നൽകിയിരുന്നു. എന്നാൽ ഇറാനിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങൾ ഈ എട്ടു വയസ്സുകാരന്റെയും കുടുംബത്തിന്റെയും യാത്രകളെ അനിശ്ചിതത്വത്തിലാക്കി.

വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായതോടെ റദീനും കുടുംബവും എവിടെയാണെന്നോ അവർ സുരക്ഷിതരാണോ എന്നോ അറിയാതെ സ്കൂൾ അധികൃതരും സഹപാഠികളും ആധിയിലായിരുന്നു. 42 നീണ്ട ദിവസങ്ങളാണ് അവരെക്കുറിച്ച് ഒരു വിവരവുമില്ലാതെ കടന്നുപോയത്.

റദീനെ കുറിച്ച് യാതൊരു വിവരവുമില്ലാതിരുന്ന നാളുകളിൽ അവന്റെ ഒഴിഞ്ഞ ഡെസ്കുകൾ നോക്കി കൂട്ടുകാർ പ്രാർഥിച്ചു. ഒടുവിൽ ഒരു സുഹൃത്ത് വഴി റദീൻ സുരക്ഷിതനാണെന്ന വാർത്ത എത്തിയപ്പോൾ മാത്രമാണ് വിദ്യാലയത്തിൽ ആശ്വാസമെത്തിയത്. കഴിഞ്ഞ ദിവസം അവൻ വീണ്ടും ക്ലാസ്മുറിയിലേക്ക് നടന്നു കയറിയപ്പോൾ കണ്ട കാഴ്ചകൾ ആരെയും ഈറനണിയിക്കുന്നതായിരുന്നു.

വാതിൽക്കൽ അവനെ കണ്ടതും കളിചിരികൾ നിർത്തി സഹപാഠികൾ ഓടിയെത്തി. അവനെ കെട്ടിപ്പിടിച്ചും നെറുകയിൽ തലോടിയും അവർ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. കുരുന്നുകളുടെ ഈ നിഷ്കളങ്കമായ സ്നേഹപ്രകടനം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ലോകം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

തന്റെ മകന് ചൈനയിൽ തുടർന്ന് പഠിക്കണമെന്നും ഇറാനിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റദീന്റെ മാതാവ് പറഞ്ഞു. "കുട്ടികൾക്ക് സുരക്ഷിതമായ ഒരു ലോകമാണ് വേണ്ടത്" എന്ന സന്ദേശമാണ് ഈ വിഡിയോക്ക് താഴെ വന്ന കണ്ണുനനയിക്കുന്ന കമന്റുകൾ. മുതിർന്നവരുടെ അധികാര വടംവലികൾക്കിടയിൽ കുഞ്ഞുങ്ങളുടെ സൗഹൃദവും അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും വലുതാണെന്നാണ് മറ്റൊരാൾ പ്രതികരിച്ചത്.



Tags:    
News Summary - Radin returns from Iran after 42 days; Emotional moments in a classroom in China - Viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.