ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിയും കൂടിക്കാഴ്ച നടത്തുന്നു
ദോഹ: മേഖലയിലെ സംഘർഷങ്ങളും പുതിയ സംഭവ വികാസങ്ങളും ചർച്ചചെയ്ത് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിയും കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച രാവിലെ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വെച്ചാണ് നിർണായക കൂടിക്കാഴ്ച നടന്നത്.
മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിനും ഇറാനും യു.എസിനുമിടയിൽ ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങളും ലക്ഷ്യമിട്ടുമാണ് കൂടിക്കാഴ്ച നടന്നത്. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം ഖത്തർ പ്രധാനമന്ത്രി ആദ്യമായാണ് തെഹ്റാൻ സന്ദർശിക്കുന്നത്.
മേഖലയിലെ സംഘർഷങ്ങൾ കുറക്കാനും സമാധാനപരമായ ചർച്ചകൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങളുടെ പുരോഗതി നേതാക്കൾ വിലയിരുത്തി. ഹുർമുസ് കടലിടുക്കിലൂടെ താൽക്കാലിക സംയുക്ത നാവിക പാത സ്ഥാപിക്കുന്നതിനുള്ള നിർദിഷ്ട ചട്ടക്കൂടിനെ കുറിച്ചും കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യുന്നതിനും ധാരണയായി.
അയൽരാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കേണ്ടതിന്റെയും സ്വതന്ത്ര കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത ഖത്തർ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. നയതന്ത്ര തലത്തിലുള്ള ചർച്ചകളിലൂടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും സംഘർഷങ്ങൾ ലഘൂകരിക്കാനുമുള്ള ശ്രമങ്ങൾ തുടരണമെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനായി ഖത്തറിന്റെ മധ്യസ്ഥതയിൽ നടത്തുന്ന നയതന്ത്ര ശ്രമങ്ങൾക്ക് ഇറാൻ വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു.
തുടർന്ന്, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഇറാൻ പാർലിമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫുമായും കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.