മോഹൻ ഭാഗവതിന്‍റെ ന്യൂയോർക്ക് സന്ദർശനം: സംഘാടകരുടെ അക്കൗണ്ട് പൂട്ടി എക്സ്

ന്യൂയോർക്ക്: രാഷ്ട്രീയ സ്വയംസേവക സംഘ് (ആർ.എസ്.എസ്) മേധാവി മോഹൻ ഭാഗവതിന്‍റെ ന്യൂയോർക്ക് സന്ദർശനത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ പരിപാടി സംഘാടകരുടെ അക്കൗണ്ട് പൂട്ടി എക്സ്. സംഘാടകരായ ‘അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ്’ (AHEAD ഫോറം) എന്ന സംഘടനയുടെ അക്കൗണ്ടാണ് എക്സ് സസ്പെൻഡ് ചെയ്തത്. അക്കൗണ്ട് ഇപ്പോൾ ലഭ്യമല്ല. അക്കൗണ്ട് സസ്പെൻഡ് ചെയ്തതിനെ തുടർന്ന്, അത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് AHEAD എക്സിനെ സമീപിച്ചു.

സസ്പെൻഷൻ "തെറ്റായി സംഭവിച്ചതാകാം" എന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു. "എക്സിന്റെ നയങ്ങൾക്ക് വിധേയമായി, സാർവത്രിക സമാധാനം, ഏകത്വം, സൗഹൃദം, അന്തർമത-അന്തർസാംസ്കാരിക സംവാദങ്ങൾ എന്നിവയാണ് ഞങ്ങളുടെ സന്ദേശങ്ങൾ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുള്ളത്"- സംഘാടകർ പ്രസ്താവനയിൽ പറഞ്ഞു.

ഓഗസ്റ്റ് 29-നാണ് പരിപാടി നടക്കുന്നത്. പരിപാടിയെച്ചൊല്ലി വർധിച്ചുവരുന്ന വിവാദങ്ങൾക്കിടയിലാണ് സസ്പെൻഷൻ. ന്യൂയോർക്ക് മേയർ സൊഹ്റാൻ മംമ്ദാനി പരിപാടി നടത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. താൻ ഈ റാലിയെ പിന്തുണയ്ക്കുന്നില്ലെന്നും എങ്കിലും ഒരു സ്വകാര്യ പരിപാടി റദ്ദാക്കുന്നതിൽ നഗരത്തിന് എന്തെങ്കിലും അധികാരമുണ്ടോ എന്ന് തനിക്ക് അറിവില്ലെന്നും മംദാനി പറഞ്ഞിരുന്നു.

അതേസമയം പരിപാടിക്ക് മുന്നോടിയായി ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (HAF) സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും, പരസ്പര ഇടപെടലുകൾ മാന്യമായി സൂക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഗമത്തിൽ ഒത്തുകൂടുന്നവരുടെ സുരക്ഷയും പൗരാവകാശങ്ങളും ഉറപ്പാക്കാൻ HAF മേയറോട് അഭ്യർഥിക്കുകയും ചെയ്തു. AHEAD ഉം സമാന നിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.

മാഡിസൺ സ്ക്വയർ ഗാർഡനിലെ ഇൻഫോസിസ് തിയേറ്ററിലാണ് ഭാഗവത് സംസാരിക്കുന്നു “യൂണിവേഴ്സൽ ഓൺനെസ് സെലിബ്രേഷൻ” എന്ന പരിപാടി നടക്കുക.

Tags:    
News Summary - x suspends account organisers rss hief mohan bhagwat-new-york-rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.