തെ്ഹറാൻ: കഴിഞ്ഞ മാസമാണ് ഇറാന്റെ പ്രതിരോധ മന്ത്രാലയം രാജ്യത്തെ ഏറ്റവും പുതിയ ഖര ഇന്ധന ബാലിസ്റ്റിക് മിസൈലായ ഖാസിം ബാസിർ പുറത്തിറക്കിയത്. ഇത് യു.എസിനും ഇസ്രായേലിനും തലവേദനയായേക്കുമെന്ന് അന്നേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഖാസിം ബാസിറിന് കുറഞ്ഞത് 1,200 കിലോമീറ്ററെങ്കിലും ദൂരപരിധിയുണ്ട്. കൂടാതെ യു.എസ് നിർമിത താഡ്, പാട്രിയറ്റ് പോലുള്ള നൂതന മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടക്കും വിധമാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
ഇറാന്റെ മിസൈൽ സാങ്കേതികവിദ്യയിലെ ശ്രദ്ധേയമായ ഒരു കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുകയാണ് ഇന്നിത്. മെച്ചപ്പെട്ട കൃത്യത, അതിജീവനക്ഷമത, പ്രവർത്തന വഴക്കം എന്നിവ വാഗ്ദാനം ചെയ്യുന്ന മിസൈലിന്റെ പൂർണമായ സ്വാധീനം ഇനിയും കണ്ടറിയേണ്ടതുണ്ടെങ്കിലും ഇറാന്റെ പ്രതിരോധ ശേഷിയെ അത് നിഷേധിക്കാനാവാത്തവിധം ശക്തിപ്പെടുത്തുകയും പ്രാദേശിക സുരക്ഷയെ പുനഃർനിർവചിക്കുകയും ചെയ്തേക്കും. അതുകൊണ്ടുതന്നെ ഖാസിം ബാസിർ തീർച്ചയായും പശിചിമേഷ്യയിലെ ഒരു ഗെയിം ചെയ്ഞ്ചറാവുകയാണ്.
യു.എസ് വികസിപ്പിച്ചെടുത്ത നൂതന ബാലിസ്റ്റിക് വിരുദ്ധ മിസൈൽ പ്രതിരോധ സംവിധാനമാണ് ‘താഡ്’ (ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ്). ഹ്രസ്വ, ഇടത്തരം, ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ അവയുടെ ടെർമിനൽ ഘട്ടത്തിൽ (ഇറക്കം) തടയാനും നശിപ്പിക്കാനും കഴിയുംവിധം ഇത് രൂപകൽപന ചെയ്‌തിരിക്കുന്നു. വളരെ ഉയരത്തിൽ ഹ്രസ്വ, ഇടത്തരം ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്ന ദൗത്യത്തിൽ ‘താഡ്’ ഏറ്റവും മികച്ചതാണെന്നാണ് അവരുടെ വാദം.
മെയ് മാസത്തിൽ യു.എസ് ഇസ്രായേലിന് രണ്ടാമത്തെ താഡ് ബാറ്ററി കൈമാറിയതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇറാന്റെയും സഖ്യകക്ഷികളുടെയും കൂടുതൽ ആക്രമണങ്ങൾ തടയുന്നതിനായി യു.എസ് ഇസ്രായേലിലേക്ക് ഒരു താഡ് ബാറ്ററി അയച്ചു. ഇസ്രായേലിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് ഇത് ഒരു മുതൽക്കൂട്ടാവുമെന്നായിരുന്നു വാദം. എന്നാൽ, അതിനെയും കടത്തിവെട്ടി ഖാസിം ബാസിർ പുതിയ അധ്യായം രചിക്കുകയാണ്.
2020 ജനുവരിയിൽ ഇറാഖ് പ്രധാനമന്ത്രിയെ സന്ദർശിക്കാൻ പോകവെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മേജർ ജനറൽ ഖാസിം സുലൈമാനിയുടെ പേരാണ് മിസൈലിന് നൽകിയിരിക്കുന്നത്. അന്നത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപായിരുന്നു ആക്രമണത്തിന് ഉത്തരവിട്ടത്. ഖുദ്‌സ് ഫോഴ്‌സിന്റെ കമാൻഡറായ ഖാസിം സുലൈമാനി ഇറാനിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായി കണക്കാക്കപ്പെട്ടിരുന്നു.
ഖാസിം ബാസിറിനെ മാരകമായ മിസൈലാക്കുന്നത് എന്തൊക്കെ ഘടകങ്ങളാണ്?
മധ്യദൂര ബാലിസ്റ്റിക് മിസൈലായ ഖാസിം ബാസിർ, ഇറാന്റെ മിസൈൽ ശേഷിയിൽ ഒരു സുപ്രധാന പുരോഗതിയെ അടയാളപ്പെടുത്തുന്നു. 2020 ൽ അവതരിപ്പിച്ച ഷാഹിദ് ഹാജ് ഖാസിമിന്റെ പിൻഗാമിയാണിത്. 1,200 കിലോമീറ്റർ ദൂരപരിധിയും മെച്ചപ്പെട്ട മാർഗ നിർദേശ സംവിധാനങ്ങളുമുള്ള ഖാസിം ബാസിർ, നൂതന മിസൈൽ പ്രതിരോധ സംവിധാനങ്ങളെ തുളച്ചുകയറാൻ കഴിയും വിധം രൂപകൽപന ചെയ്‌തിരിക്കുന്നു. അതിനാലിത് ഇറാന്റെ സൈനിക ആയുധപ്പുരയിലെ ഒരു മികച്ച ആസ്തിയായി മാറുന്നു.
ഇതിന്റെ രണ്ട് ഘട്ട ഖര ഇന്ധന മോട്ടോർ ദ്രുത വിക്ഷേപണ സന്നദ്ധതയും സ്ഥിരതയുള്ള സംഭരണവും വാഗ്ദാനം ചെയ്യുന്നു. കൂടാതെ 500 കിലോഗ്രാം ആയുധവും വഹിക്കും. ഇനേർഷ്യൽ നാവിഗേഷനുമായി സംയോജിപ്പിച്ച ഒരു ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് സീക്കർ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ജി.പി.എസ് ആശ്രയമില്ലാതെ ലക്ഷ്യം തിരിച്ചയാൻ സഹായിക്കുന്നു. അതിവേഗ ഒഴിഞ്ഞുമാറൽ തന്ത്രങ്ങൾക്ക് കഴിവുള്ള ഒരു മാനുവറബിൾ റീഎൻട്രി വെഹിക്കിൾ (എം.എ.ആർ.വി) മിസൈലിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഇന്റർസെപ്ഷനെതിരായ അതിജീവനം വർധിപ്പിക്കുന്നു.
ഇൻഫ്രാറെഡ് സീക്കർ ഉൾക്കൊള്ളുന്ന ഖാസിം ബാസിറിന്റെ നൂതന മാർഗനിർദേശ സംവിധാനം യുദ്ധ വേളകളിൽ പോലും കൃത്യമായ ലക്ഷ്യമിടൽ സാധ്യമാക്കുന്നു. എയർഫീൽഡുകൾ, കമാൻഡ് സെന്ററുകൾ പോലുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങൾ ഫലപ്രദമായി നിർവീര്യമാക്കാൻ കഴിയുന്ന ശേഷിയും ഇതിനുണ്ട്.
മിസൈലിന്റെ എം.എ.ആർ.വി രൂപകൽപ്പന പ്രവചനാതീതമായ പുനഃപ്രവേശന പാതകൾ അനുവദിക്കുന്നു. ഇത് ശത്രുവിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ ശ്രമങ്ങളെ സങ്കീർണ്ണമാക്കുന്നു.
ഖര ഇന്ധന പ്രൊപ്പൽഷനും മൊബൈൽ ലോഞ്ച് പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്നത് മിസൈലിന്റെ ശേഷിയും അതിജീവനവും വർധിപ്പിക്കുന്നു. സിവിലിയൻ രൂപത്തിലുള്ള വാഹനങ്ങളിൽ നിന്നുള്ള അതിന്റെ വിന്യാസം ശത്രുവിന്റെ ലക്ഷ്യ ശ്രമങ്ങളെ സങ്കീർണ്ണമാക്കും. ഖാസിം ബാസിറിന്റെ മോഡുലാർ രൂപകൽപന സൂചിപ്പിക്കുന്നത് ഇത് വലിയ അളവിൽ നിർമിക്കാൻ കഴിയുമെന്നും വലിയ അളവിൽ ശത്രു പ്രതിരോധങ്ങളെ മറികടക്കാൻ സാധ്യതയുണ്ടെന്നും ആണ്.
ഖാസിം ബാസിറിന്റെ കടന്നുവരവ് മിഡിൽ ഈസ്റ്റിലെ തന്ത്രപരമായ കണക്കുകൂട്ടലിൽ മാറ്റം വരുത്താനിടയുണ്ട്. എതിരാളികൾ, പ്രത്യേകിച്ച് യു.എസും ഇസ്രായേലും ഇതിനെ പ്രധാന ഭീഷണിയായി കണക്കാക്കും. ഇത് പ്രതിരോധ നിലകളുടെയും പ്രതിരോധ തന്ത്രങ്ങളുടെയും പുനഃരാലോചനക്കും വഴിവെച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.