മോസ്കോ: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ട് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുടിൻ ഈ നിലപാട് അറിയിച്ചത്. പശ്ചിമേഷ്യയിൽ നീതിയുക്തവും സുസ്ഥിരവുമായ സമാധാനം കൈവരിക്കുന്നതിന് രാഷ്ട്രീയവും നയതന്ത്രപരവുമായ ഒത്തുതീർപ്പുകൾക്ക് സഹായിക്കാൻ റഷ്യ സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകളും യുഎ.സ്-ഇറാൻ ബന്ധത്തിലെ ഉലച്ചിലുകളും കാരണം മേഖല അതീവ സങ്കീർണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. റഷ്യയെ കൂടാതെ ചൈനയും പാകിസ്താനും സമാധാന ചർച്ചകളിൽ സജീവമായി ഇടപെടുന്നുണ്ട്. ഇറാനുമായുള്ള അടുത്ത ബന്ധവും മേഖലയിലെ സ്വാധീനവും ഉപയോഗിച്ച് മധ്യസ്ഥനായി മാറാനാണ് പുടിൻ ശ്രമിക്കുന്നത്.
അതേസമയം, പാക് തലസ്ഥാനാമായ ഇസ്‍ലാമാബാദിൽ നടന്ന ഇറാന്‍-യു.എസ് വെടിനിർത്തൽ ചര്‍ച്ച ഞായറാഴ്ച അലസി പിരിഞ്ഞിരുന്നു. ലോകം ഏറെ പ്രതീക്ഷയോടെയായിരുന്നു ഇസ്‍ലാമാബാദിലെ ചർച്ചയെ നോക്കിയിരുന്നത്. ഇറാനുമായുള്ള ചർച്ചയിൽ ഇതുവരെ ധാരണയിൽ എത്തിയിട്ടില്ലെന്നും തങ്ങൾ മടങ്ങുകയാണെന്നാണ് ചർച്ചയിൽ യു.എസ് സംഘത്തെ നയിച്ച യു.എസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസ് വ്യക്തമാക്കിയത്.
എന്നാൽ, അനാവശ്യ ഉപാധികളാണ് യു.എസ് മുന്നോട്ടുവെച്ചതെന്ന് ഇറാനും ആരോപിക്കുന്നത്. ഇതോടെ വെടിനിർത്തൽ ചർച്ച വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങി.യു.എസുയുമായി ചർച്ച പുനഃരാരംഭിക്കാൻ തിടുക്കം കാട്ടുന്നില്ലെന്നും പന്ത് അമേരിക്കയുടെ കോർട്ടിലാണെന്നുമാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.
21 മണിക്കൂറിനിടെ അഞ്ച് റൗണ്ട് ചർച്ചകളാണ് ഇരുരാജ്യങ്ങളും തമ്മിൽ നടന്നത്. ഓരോന്നിനും ശേഷം ഇരുപക്ഷവും തമ്മിൽ കുറിപ്പുകളുടെ കൈമാറ്റവും നടന്നു. ഇറാനിന്‍റെ ആണവ പരിപാടി, മേഖലയിലെ ഇറാന്റെ സ്വാധീനം, സാമ്പത്തിക ഉപരോധം തുടങ്ങിയ വിഷയങ്ങളിൽ യു.എസ് മുന്നോട്ടുവച്ച നിർദേശങ്ങൾ ഇറാൻ നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ചർച്ച പൂർണമായും തകർന്നിട്ടില്ലെന്ന സൂചകളാണ് വാൻസ് വാർത്താ സമ്മേളത്തിൽ നൽകിയതെന്നും നിരീക്ഷകർ പറയുന്നു. യുദ്ധസമയത്ത് അവർക്ക് നേടാൻ കഴിയാത്തതെല്ലാം ചർച്ചയിലൂടെ അമേരിക്ക ആവശ്യപ്പെട്ടതായി ഇറാൻ പ്രതിനിധി സംഘവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് ഇറാനിൽ ഇസ്രായേലും യു.എസും സംയുക്തമായി ആക്രമണം ആരംഭിച്ചത്. ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടു. ഇതോടെ ഇറാൻ പശ്ചിമേഷ്യയിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കും ആസ്തികൾക്കും നേരെയും ഇസ്രായേലിലേക്കും പ്രത്യാക്രമണം നടത്തുകയായിരുന്നു. തൊട്ടുപിന്നാലെ ഹിസ്ബുല്ലയുടെ പേരിൽ ലബനാനിലും ഇസ്രായേൽ വ്യാപക ആക്രമണം തുടങ്ങി.
മേഖലയിലെ തന്ത്ര പ്രധാന ഹുമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ലോകത്തെ എണ്ണ വ്യാപാത്തിന്‍റെ 20 ശതമാനത്തിൽ അധികം നടക്കുന്ന ഹുർമുസ് അടച്ചതോടെ ആഗോള വിപണിയിൽ എണ്ണ പ്രതിസന്ധി രൂക്ഷമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.