വാഷിങ്ടൺ: യു.എസ് മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറിനെ വിമർശിച്ച് പുടിന്റെ വിശ്വസ്തൻ. പ്രധാനപ്പെട്ട നയപരമായ പ്രശ്നങ്ങളിൽ പുടിനായി സംസാരിക്കുന്ന മുൻ യു.എസ് അംബാസിഡർ യുറി ഉഷ്കോവാണ് വിമർശനവുമായി രംഗത്തെത്തിയത്. യു.എസിന്റെ കരാർ യുക്രെയ്ന് താൽക്കാലിക ആശ്വാസം നൽകുമെന്നല്ലാതെ മറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ദീർഘകാലത്തേക്ക് സമാധാനപരമായ ഒരു കരാർ ഉണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ രാജ്യത്തിന്റെ താൽപര്യങ്ങളും ആശങ്കകളും പരിഗണിക്കുന്നതാവണം കരാർ. സമാധാനം ഉണ്ടാക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള കരാറുകൾ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്ൻ സന്നദ്ധത അറിയിച്ച 30 ദിവസ വെടിനിർത്തലിൽ ചർച്ച ആരംഭിക്കുംമുമ്പ് അമേരിക്ക വിശദാംശങ്ങൾ പങ്കുവെക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു. സൗദി അറേബ്യയിൽ യു.എസ്- യുക്രെയ്ൻ ഉദ്യോഗസ്ഥരുടെ ചർച്ചകൾക്കു ശേഷം മുന്നോട്ടുവെച്ച താൽക്കാലിക വെടിനിർത്തലുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പൂർണമായി കൈമാറണമെന്നാണ് ആവശ്യം. വിഷയത്തിൽ റഷ്യയുമായി ചർച്ച നടത്തുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പ്രതികരിച്ചിരുന്നു.
വെടിനിർത്തൽ നടപ്പാക്കാനായി വൈറ്റ് ഹൗസ് പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് വരുംദിവസം മോസ്കോയിലേക്ക് തിരിക്കും. വെടിനിർത്തൽ സംബന്ധിച്ച് കൂടുതൽ ചർച്ച നടത്തുമെന്ന് യുക്രെയ്നും അറിയിച്ചിട്ടുണ്ട്. നിലവിൽ, യുക്രെയ്ൻ സൈനികമായി കൂടുതൽ തളരുകയും കുർസ്കിലുൾപ്പെടെ റഷ്യ മുന്നേറ്റം ശക്തിയാക്കുകയും ചെയ്ത നിലവിലെ സാഹചര്യത്തിൽ വെടിനിർത്തലിന് വ്ലാദിമിർ പുടിൻ വലിയ താൽപര്യം കാട്ടില്ലെന്ന സൂചനകളും പുറത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.