കറൻസി കൂപ്പുകുത്തിയതോടെ ഇറാനിൽ ആരംഭിച്ച പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക്; പിന്തുണയുമായി അമേരിക്കയും ഇസ്രായേലും

തെഹ്റാൻ: ഡോളറിനെതിരെ ഇറാൻ കറൻസിയുടെ മൂല്യം കൂപ്പുകുത്തിയതോടെ രാജ്യത്ത് ആരംഭിച്ച പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക് കടന്നു. തലസ്ഥാനമായ തെഹ്റാനിൽ ആരംഭിച്ച പ്രക്ഷോഭം മറ്റു പ്രധാന നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. സുരക്ഷാ സേന പ്രതിഷേധ പ്രകടനങ്ങളെ പലയിടങ്ങളിലും അടിച്ചമർത്തുന്നുണ്ട്. കണ്ണീർവാതകം അടക്കം പ്രയോഗിച്ച് പൊലീസ് പ്രക്ഷോഭകരെ നേരിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തെഹ്റാനിലെ ഏഴ് സർവകലാശാലകൾ ഉൾപ്പെടെ, രാജ്യത്തുടനീളമുള്ള 10 സർവകലാശാലകളിൽ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതായി വാർത്താ ഏജൻസിയായ ഇൽന റിപ്പോർട്ട് ചെയ്തു. വിദ്യാർഥികളടക്കം നിരവധി പ്രക്ഷോഭകർ കസ്റ്റഡിയിലായിട്ടുണ്ട്. മുദ്രാവാക്യങ്ങളിൽ ചില പ്രതിഷേധക്കാർ ഭരണമാറ്റത്തിനും പഹ്‌ലവി യുഗത്തിലേക്ക് മടങ്ങുന്നതിനും ആഹ്വാനം ചെയ്തു.

പ്രക്ഷോഭകരുമായി ചർച്ച നടത്താൻ ആഭ്യന്തര മന്ത്രിയോട് നിർദേശിച്ചെന്ന് പ്രസിഡന്‍റ് എക്സിൽ അറിയിച്ചു. ജനങ്ങളുടെ ദൈനംദിന ഉപജീവനമാർഗത്തെക്കുറിച്ചാണ് എന്റെ ആശങ്ക. ധന - ബാങ്കിങ് സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിനും ജനങ്ങളുടെ വാങ്ങൽ ശേഷി നിലനിർത്തുന്നതിനുമുള്ള അടിസ്ഥാന നടപടികൾ അജണ്ടയിലുണ്ട്. പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി ചർച്ചയിലൂടെ അവരുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കാൻ ആഭ്യന്തര മന്ത്രിയോട് നിർദ്ദേശിച്ചിട്ടുണ്ട്. അതിലൂടെ സർക്കാറിന് ഉത്തരവാദിത്തത്തോടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവർത്തിക്കാൻ സാധിക്കും -പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അറിയിച്ചു.

പിന്തുണയുമായി അമേരിക്ക; ‘ഇറാന്റെ ഭാവി യുവാക്കളുടേത്...’

ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയുമായി അമേരിക്ക രംഗത്തെത്തി. തെഹ്റാൻ സർവകലാശാലയിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങൾ അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്മെന്‍റ് ഷെയർ ചെയ്തു. ‘ഇറാന്റെ ഭാവി അതിന്റെ യുവാക്കളുടേതാണ്. സൈന്യം ഭീഷണിയും അക്രമവും ഉപയോഗിച്ച് അവരെ പതിവായി നേരിടുമ്പോഴും ഇറാനിലുടനീളമുള്ള യൂനിവേഴ്‌സിറ്റി വിദ്യാർഥികൾ അവരുടെ മൗലികാവകാശങ്ങളാണ് ആവശ്യപ്പെടുന്നത്’ -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പേർഷ്യൻ അക്കൗണ്ട് എക്‌സിൽ കുറിച്ചു.

അവർ അനുഭവിക്കുന്നത് ഞങ്ങൾ മനസ്സിലാക്കുന്നു -നെതന്യാഹു

ഇറാനിലെ ജനങ്ങൾ അവരുടെ അവകാശങ്ങളും ഭാവിയും സുരക്ഷിതമാക്കാൻ പോരാടുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രതികരിച്ചു. രാജ്യത്ത് എന്തെങ്കിലും യഥാർഥ മാറ്റം ഉണ്ടാകണമെങ്കിൽ അത് ഉള്ളിൽനിന്ന് തന്നെ വരണം. അത് ഇറാനിയൻ ജനതയെ ആശ്രയിച്ചിരിക്കുന്നു. അവർ എന്താണ് അനുഭവിക്കുന്നതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, ഞങ്ങൾക്ക് അവരോട് സഹതാപമുണ്ട് -നെതന്യാഹു ന്യൂസ്മാക്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അമേരിക്കയുമായും ഇസ്രായേലുമായും യൂറോപ്പുമായും യുദ്ധത്തിൽ -ഇറാൻ പ്രസിഡന്റ്

തന്റെ രാജ്യം യു.എസ്, ഇസ്രായേൽ, യൂറോപ്പ് എന്നിവയുമായി പൂർണ തോതിലുള്ള യുദ്ധത്തിലാണെന്നാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ കഴിഞ്ഞ ദിവസം പറഞ്ഞത്. രാജ്യം സ്ഥിരതയോടെ തുടരാൻ അവർ ആഗ്രഹിക്കുന്നില്ല. 1980കളിൽ ഇറാഖുമായി ഇറാൻ നടത്തിയ മാരകമായ യുദ്ധത്തേക്കാൾ മോശമാണ് ഈ യുദ്ധം. ഇറാഖുമായി നടന്ന യുദ്ധത്തിൽ ഇരുവശത്തുമായി പത്ത് ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടതിനെ അപേക്ഷിച്ച് ഇറാനെതിരായ പടിഞ്ഞാറിന്റെ യുദ്ധമാണ് കൂടുതൽ സങ്കീർണ്ണവും ദുഷ്‌കരവും.

Tags:    
News Summary - Protests in Iran enter third day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.