ഗസ്സയിലേക്ക് പോകുന്ന സഹായ കപ്പലായ ഗ്ലോബൽ സുമുദ് േഫ്ലാട്ടില്ലയെ തടഞ്ഞതിൽ കടുത്ത പ്രതിഷേധവുമായി ഇറ്റലിയിലെ ഏറ്റവും വലിയ തൊഴിലാളി യൂനിയനായ സി.ജി.ഐ.എൽ. ഒക്ടോബർ 3ന് രാജ്യവ്യാപകമായി പൊതു പണിമുടക്ക് സി.ജി.ഐ.എൽ പ്രഖ്യാപിച്ചു. ഇസ്രായേൽ അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് കപ്പൽവ്യൂഹത്തെ തടഞ്ഞാൽ രാജ്യത്തെ സ്തംഭിപ്പിക്കുമെന്ന് യൂനിയനുകൾ സമീപ ദിവസങ്ങളിൽ മുന്നറിയിപ്പു നൽകിയിരുന്നു.
പണിമുടക്ക് എല്ലാ പൊതു, സ്വകാര്യ മേഖലകളെ ബാധിക്കും. ആശുപത്രികൾ, അടിയന്തര സേവനങ്ങൾ, കുറഞ്ഞ ഗതാഗതം, സുരക്ഷ എന്നിവ മാത്രം പ്രവർത്തിക്കും. അതേസമയം പൊതു ഓഫിസുകൾ, സ്കൂളുകൾ, സർവകലാശാലകൾ, സ്വകാര്യ ബിസിനസുകൾ തുടങ്ങിയവ തടസ്സപ്പെടും.
സമരത്തിനു മുന്നോടിയായി എല്ലാ സ്ക്വയറുകളിലും അടിയന്തരമായി അണിനിരക്കാൻ പ്രവർത്തകരോട് യൂനിയൻ ആഹ്വാനം ചെയ്തു. ‘ഗ്ലോബൽ സുമുദ് േഫ്ലാട്ടില്ലയെ ആക്രമിച്ചുകൊണ്ട് ഇസ്രായേൽ അന്താരാഷ്ട്ര നിയമത്തെ ആക്രമിക്കുന്നു. ഇപ്പോൾ എല്ലാം തടയാനുള്ള സമയമായി’- യൂനിയൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. യൂറോപ്പിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ തൊഴിലാളി യൂനിയൻ ആണിത്.
പ്രതിഷേധങ്ങൾ യൂനിയനുകളിൽ മാത്രമായി ഒതുങ്ങുന്നില്ല. പ്രധാന ഇറ്റാലിയൻ നഗരങ്ങളിൽ വിദ്യാർഥികളും പ്രസ്ഥാനങ്ങളും പൗരന്മാരും ഇതിനകം തന്നെ സ്വമേധയാ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിരവധി നഗരങ്ങളിൽ സ്കൂളുകളും കുത്തിയിരിപ്പ് സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
മാനുഷിക സഹായങ്ങളും വൈദ്യസഹായങ്ങളും നിറച്ച ഫ്ലോട്ടില്ല ആഗസ്റ്റ് അവസാനത്തോടെയാണ് ഗസ്സ ലക്ഷ്യമാക്കി കടൽ യാത്ര ആരംഭിച്ചത്. 45ലധികം രാജ്യങ്ങളിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകരെ വഹിച്ചുകൊണ്ട് 50ലധികം കപ്പലുകൾ ഒരുമിച്ച് യാത്ര ചെയ്തു.വ്യാഴാഴ്ച രാവിലെ ഗസ്സയുടെ തീരത്തോട് അടുക്കവെയാണ് മെഡിറ്ററനേിയൻ കടലിൽ ഇസ്രായേൽ സൈന്യം തടഞ്ഞത്. തടവിലിട്ട മനുഷ്യാവകാശ പ്രവർത്തകരിൽ ഇറ്റാലിയൻ പൗരൻമാരുമുണ്ട്.
എല്ലാ അതിർത്തി കടന്നുള്ള വഴികളും അടച്ചുപൂട്ടിയും ഭക്ഷണം, മരുന്ന്, സഹായം എന്നിവ തടഞ്ഞും ഇസ്രായേൽ ഉപരോധം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. അതിർത്തികളിൽ സഹായ ട്രക്കുകൾ കുന്നുകൂടിയിട്ടും ഗസ്സയെ ക്ഷാമത്തിലേക്ക് തള്ളിവിട്ടു.
2023 ഒക്ടോബർ മുതൽ ഗസ്സയിൽ ഇസ്രായേൽ സൈന്യം 66,100ലധികം പലസ്തീനികളെ കൊന്നൊടുക്കി. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. തുടർച്ചയായ ബോംബാക്രമണം മുനമ്പിനെ വാസയോഗ്യമല്ലാതാക്കി. പട്ടിണിയും രോഗങ്ങളും പടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.