ഫലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിന് ജാമ്യം; ​നിർണായക ഉത്തരവ് യു.എസ് ഫെഡറൽ ജഡ്ജിയുടേത്

വാഷിങ്ടൺ: കൊളംബിയ സർവകലാശാലയിലെ ഫലസ്തീൻ അവകാശ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ കഴിഞ്ഞ മാർച്ചിൽ ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്ത ഫലസ്തീൻ ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിനെ മോചിപ്പിക്കാൻ യു.എസ് ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്.

ന്യൂജേഴ്‌സിയിലെ ഒരു ഫെഡറൽ കോടതിയിൽ നിന്നാണ് ഖലീലിന് ജാമ്യം നൽകാനുള്ള തീരുമാനം വന്നത്. അവിടെ ഖലീലിന്റെ അഭിഭാഷകർ അദ്ദേഹത്തിന്റെ തടങ്കലിനെ ചോദ്യം ചെയ്തിരുന്നു. ഇമിഗ്രേഷൻ കോടതികളിൽ തുടരുന്ന നാടുകടത്തലിനെതിരായ നിയമപരമായ നീക്കങ്ങളെ ശക്തി​പ്പെടുത്തുന്ന ഉത്തരവാണിത്.

തന്റെ തീരുമാനം താൽക്കാലികമായി നിർത്തിവെപ്പിക്കാനുള്ള യു.എസ് സർക്കാർ ഹരജി ജഡ്ജി മൈക്കൽ ഫാർബിയാർസ് നിരസിക്കുകയും മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് മോചനത്തിനുള്ള നിബന്ധനകൾ അന്തിമമാക്കിയ ശേഷം വെള്ളിയാഴ്ച ഖലീലിനെ മോചിപ്പിക്കണമെന്ന് വീണ്ടും ഉത്തരവിടുകയും ചെയ്തു. 

ലൂസിയാന തടങ്കൽ കേന്ദ്രത്തിൽനിന്ന് പുറത്തുവന്നശേഷം  കാത്തുനിന്ന മാധ്യമപ്രവർത്തകരോട് ഖലീൽ കുറഞ്ഞ വാക്കുകളിൽ സംസാരിച്ചു. ‘നീതി നടപ്പായെന്നും പക്ഷെ, അത് വളരെ വൈകിയെന്നും ഇതിന് മൂന്ന് മാസം എടുക്കേണ്ടിയിരുന്നില്ല’ എന്നും അദ്ദേഹം പറഞ്ഞു.

ഖലീൽ ന്യൂയോർക്കിലെ കുടുംബത്തിനടുത്തേക്ക് മടങ്ങുമെന്ന് അ​ദ്ദേഹത്തിനു വേണ്ടി വാദിക്കുന്ന അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂനിയൻ അറിയിച്ചു. ‘മഹമൂദിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഇത് സന്തോഷകരമായ ദിവസമാണ്’- അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന യു.എസ് ഭരണഘടനാ വ്യവസ്ഥയെ പരാമർശിച്ച് എ.സി.എൽ.യു അഭിഭാഷകൻ നൂർ സഫർ ഒരു പ്രസ്താവനയിൽ പറഞ്ഞു.

മാർച്ച് ആദ്യം അറസ്റ്റിലായതിനുശേഷം ഫലസ്തീനിനെക്കുറിച്ചുള്ള തന്റെ രാഷ്ട്രീയ നിലപാടുകൾ പ്രകടിപ്പിച്ചതിന് മഹമൂദിനെ ശിക്ഷിക്കാൻ സർക്കാർ എല്ലാ വഴികളിലൂടെയും പ്രവർത്തിച്ചു. എന്നാൽ, ഇന്നത്തെ വിധി ഒരു സുപ്രധാന ഒന്നാം ഭേദഗതി തത്വത്തെ അടിവരയിടുന്നു. സർക്കാറിനെ എതിർത്തു സംസാരിക്കുന്നവരെ ശിക്ഷിക്കാൻ കുടിയേറ്റ നിയമം ദുരുപയോഗം ചെയ്യാൻ കഴിയില്ല എന്നതാണതെന്നും നൂർ ചൂണ്ടിക്കാട്ടി.

ഗസ്സയിൽ ഇസ്രയേൽ നടത്തിയ വംശഹത്യക്ക് പിന്നാലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥി പ്രതിഷേധങ്ങൾ ആരംഭിച്ചപ്പോൾ അതിൽ മുൻപന്തിയിൽ നിന്ന വ്യക്തിയാണ് ഖലീൽ. ഇതിന്റെ പേരിൽ കസ്റ്റഡിയിലെടുക്കുകയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം അദ്ദേഹത്തിന്റെ നിയമപരമായ കുടിയേറ്റ പദവി റദ്ദാക്കുകയും ചെയ്തു. 

മാർച്ച് എട്ടിന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഏജന്റുമാർ ഖലീലിനെ കസ്റ്റഡിയിലെടുക്കുമ്പോൾ അദ്ദേഹത്തിന്റെ പങ്കാളി നൂർ അബ്ദല്ല എട്ട് മാസം ഗർഭിണിയായിരുന്നു.

Tags:    
News Summary - Pro-Palestinian activist Khalil walks free after US judge orders release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.