ന്യൂയോർക്ക്: പശ്ചിമേഷ്യയോടുള്ള ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളിലും ഫലസ്തീൻ അനുകൂല റാലികളെ അടിച്ചമർത്തുന്ന നടപടികളിലും പ്രതിഷേധിച്ച് ന്യൂയോർക്ക് സിറ്റിയിൽ റാലി. റാലിയിൽ നൂറുകണക്കിനാളുകളാണ് അണിനിരന്നത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധനയങ്ങളും ഫലസ്തീൻ അനുകൂല സമീപനം പുലർത്തുന്ന കാംപസുകളോടുള്ള പ്രതികാര നടപടികളും പ്രതിഷേധക്കാർ ഉയർത്തിക്കാട്ടി. ലോവർ മാൻഹട്ടൻ മുതൽ വാഷിങ്ടൺ പാർക്ക് വരെയാണ് പ്രതിഷേധം നടന്നത്. റാലിയിൽ പങ്കെടുത്ത നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സിൻഹുവ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച ന്യൂയോർക്ക് സിറ്റിയിലെ കൊളംബിയ യൂനിവേഴ്സിറ്റിയുടെ 400 മില്യൺ ഡോളറിന്റെ ധനസഹായം ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു. സെമിറ്റിക് വിരുദ്ധത ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. കൂടുതൽ യൂനിവേഴ്സിറ്റികൾക്ക് നൽകിവരുന്ന ഫണ്ട് നിർത്തലാക്കുമെന്നും സൂചന നൽകിയിരുന്നു. ശനിയാഴ്ച കൊളംബിയ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിയായ മഹ്മൂദ് ഖലീലിനെ ശനിയാഴ്ച കോളജ് ഡോർമിറ്ററിയിൽ വെച്ച് യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് വിഭാഗം അറസ്റ്റ് ചെയ്യുകയും ചെയ്തു.
യു.എസിലെ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് കൈവശമുള്ള ഖലീൽ. ഖലീലിന്റെ ഫലസ്തീൻ അനുകൂല നിലപാടാണ് അറസ്റ്റിന് കാരണം. ഖലീലിന്റെ ഭാര്യക്കും അമേരിക്കൻ പൗരത്വമുണ്ട്. ഇവർ എട്ടുമാസം ഗർഭിണിയുമാണ്.
ജനുവരിയിൽ അധികാരത്തിലേറിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഫലസ്തീൻ അനുകൂല പ്രതിഷേധ പ്രസ്ഥാനത്തിൽ ഉൾപ്പെട്ട ചില വിദേശ വിദ്യാർഥികളെ നാടുകടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിലേക്കുള്ള ആദ്യ പടിയാണ് ഖലീലിന്റെ അറസ്റ്റ്. കഴിഞ്ഞ ദിവസം കാമ്പസിലെ യഹൂദ വിരുദ്ധത ആരോപിച്ച് കൊളംബിയ യൂനിവേഴ്സിറ്റിക്കുള്ള ഫണ്ടും ഗ്രാന്റും ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു.
യു.എസ് പിന്തുണയോടെ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണം കൊളംബിയ കാമ്പസിൽ മാസങ്ങളോളം നീണ്ടുനിന്ന ഫലസ്തീൻ അനുകൂല, ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇത് യു.എസ് കോളജ് കാമ്പസുകളെയും ഇളക്കിമറിച്ചു. ജൂത വിദ്യാർഥികളും ഗ്രൂപ്പുകളും ഉൾപ്പെടുന്ന യുദ്ധവിരുദ്ധ പ്രസ്ഥാനമെന്നാണ് ഖലീൽ ഇതിനെ വിശേഷിപ്പിക്കുന്നത്. ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രതിഷേധക്കാർക്കുവേണ്ടി സ്കൂൾ അഡ്മിനിസ്ട്രേറ്റർമാരുമായി നടത്തിയ പ്രധാന ചർച്ചകളിൽ ഒരാളായിരുന്നു അദ്ദേഹം.കൊളംബിയ സർവകലാശാല അധികൃതർക്കും പ്രതിഷേധക്കാർക്കും ഇടയിലെ മധ്യസ്ഥനായിരുന്നു ഖലീൽ.
ഇത്തരം നടപടികളാണ് ന്യൂയോർക്ക് സിറ്റിയിലെ ഫലസ്തീൻ പ്രതിഷേധത്തിന് അഗ്നി പകർന്നത്. മാർച്ചിലുടനീളം ഖലീലിനെ മോചിപ്പിക്കണമെന്ന ബാനറും പ്രതിഷേധക്കാർ ഉയർത്തിപ്പിടിച്ചിരുന്നു. സിറ്റി ഹാളിലെ പ്രതിഷേധത്തോടനുബന്ധിച്ച് 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപാർട്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.