വാഷിങ്ടൺ: ഇന്ത്യ - പാക് സൈനിക സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം വീണ്ടും ആവർത്തിച്ച് യു.എസ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യക്കും പാകിസ്താനുമിടയിൽ നടക്കുമായിരുന്ന ഒരു ആണവ യുദ്ധമാണ് താൻ തടഞ്ഞതെന്നാണ് ട്രംപ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും പാകിസ്താനും തമ്മിലെ നാല് ദിവസത്തെ സംഘർഷത്തിൽ എട്ട് വിമാനങ്ങൾ വെടിവച്ചിട്ടെന്നും ട്രംപ് പറഞ്ഞു.
ഇതുവരെ താൻ പരിഹരിക്കാത്ത ഒരേയൊരു യുദ്ധം റഷ്യ-യുക്രെയ്ൻ യുദ്ധമാണെന്ന് ട്രംപ് സമ്മതിക്കുകയും ചെയ്തു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമർ സെലൻസ്‌കിയും തമ്മിൽ കടുത്ത വിദ്വേഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ‘നീണ്ട രാത്രി’ ചർച്ചകൾക്ക് ശേഷം ഇന്ത്യയും പാകിസ്താനും ‘പൂർണമായ’ വെടിനിർത്തലിന് സമ്മതിച്ചതായി മെയ് 10 നാണ് ട്രംപ് സമൂഹമാധ്യമത്തില്‍ പ്രഖ്യാപിച്ചത്. ഇതുവരെ 60 ലധികം തവണയാണ് ഈ അവകാശവാദം ട്രംപ് ആവർത്തിച്ചത്. എന്നാൽ, വിദേശ മധ്യസ്ഥതയെക്കുറിച്ചുള്ള അവകാശവാദങ്ങളെ ഇന്ത്യ പലതവണ തള്ളിക്കളഞ്ഞിരുന്നു.
മുംബൈ: ഓപറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള പരാമർശം വിവാദമായതോടെ വിശദീകരണവുമായി കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ. 'ഓപറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം നമ്മൾ പൂർണമായും പരാജയപ്പെട്ടു. മേയ് ഏഴിന് നടന്ന അര മണിക്കൂർ നീണ്ട വ്യോമാക്രമണത്തിൽ, ആളുകൾ അംഗീകരിച്ചാലും ഇല്ലെങ്കിലും പൂർണമായും പരാജയപ്പെട്ടു. ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചു വീഴ്ത്തപ്പെട്ടു' -എന്നാണ് പൃഥ്വിരാജ് ചവാൻ പുണെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞത്.
ഈ പരാമർശത്തിനെതിരെ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ പൃഥ്വിരാജ് ചവാനെതിരെ വലിയ വിമർശനമാണ് അഴിച്ചുവിട്ടത്. ഇത്തരം പ്രസ്താവനകളിലൂടെ കോൺഗ്രസ് ഇന്ത്യൻ സൈന്യത്തെ ആക്രമിക്കുകയാണെന്നാണ് ബി.ജെ.പി ആരോപിച്ചത്. 'ഇത് ചവാന്റെ പ്രസ്താവന മാത്രമല്ല. രാഹുൽ ഗാന്ധിയും സമാനമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്... അതുകൊണ്ടാണ് കോൺഗ്രസോ രാഹുലോ അത്തരം നേതാക്കൾക്കെതിരെ നടപടിയെടുക്കാത്തത്. ഈ പ്രസ്താവനകൾ അവരുടെ സൈനിക വിരുദ്ധ മാനസികാവസ്ഥയെ വെളിപ്പെടുത്തുന്നു' -ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു. വിമർശനം കടുത്തതോടെയാണ് കഴിഞ്ഞ ദിവസം തന്‍റെ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ് ചവാന്‍ രംഗത്തെത്തിയത്. താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും അതിനാൽ മാപ്പ് പറയില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഞാൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല, ക്ഷമ ചോദിക്കേണ്ട കാര്യമില്ല. നമ്മുടെ ഭരണഘടന എനിക്ക് ചോദ്യം ചെയ്യാനുള്ള അവകാശം നൽകിയിട്ടുണ്ട്...' -എന്നാണ് പൃഥ്വിരാജ് ചവാന്‍ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.