ധാക്ക: ബംഗ്ലാദേശിൽ പ്രമുഖ യുവനേതാവ് ശരീഫ് ഉസ്മാൻ ഹാദിയെ മുഖംമൂടി സംഘം വധിച്ചതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട സംഘർഷം തുടരുന്നതിനിടെ മറ്റൊരു നേതാവിനുകൂടി വെടിയേറ്റു. ജെൻ സി പ്രക്ഷോഭ നായകരിലൊരാളായ മുത്തലിബ് ശിക്ദറിനാണ് തലക്ക് വെടിയേറ്റത്.
തെക്കുപടിഞ്ഞാറൻ നഗരമായ ഖുൽന പട്ടണത്തിൽവെച്ചാണ് സംഭവം. നാഷനൽ സിറ്റിസൺ പാർട്ടി ഖുൽന ഡിവിഷൻ നേതാവായിരുന്നു. തലയുടെ ഇടതുഭാഗത്ത് വെടിയേറ്റ് അതിഗുരുതര നിലയിൽ ഖുൽന മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫെബ്രുവരിയിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് പ്രചാരണത്തിനിറങ്ങിയ ഹാദിക്ക് ധാക്കയിലെ ബിജോയ്നഗറിൽ ഡിസംബർ 12നാണ് വെടിയേറ്റത്. സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. പ്രതികളെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇവരുടെ ബന്ധുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശിക്ദറെ ആക്രമിച്ച സംഘത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെടിവെപ്പ് നടത്തിയെന്ന് കരുതുന്ന മുഖ്യപ്രതി ഫൈസൽ കരീം മസൂദിനെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാണ്. രണ്ട് ആക്രമണങ്ങളും രാഷ്ട്രീയപ്രേരിതമാണെന്ന് കരുതുന്നതായി അന്വേഷണവിഭാഗം മേധാവി ശഫീഖുൽ ഇസ്ലാം പറഞ്ഞു. ഹാദിയുടെ വധത്തിന് പിന്നാലെ ചിറ്റഗോങ്ങിലെ ഇന്ത്യൻ ഹൈകമീഷനറുടെ വസതിക്കുനേരെ ആക്രമണമുണ്ടായിരുന്നു. ഹാദിയെ ധാക്ക യൂനിവേഴ്സിറ്റി മസ്ജിദിന് സമീപത്താണ് ഖബറടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.