വാഷിങ്ടൺ: യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പേര് വെളിപ്പെടുത്തിയെന്ന് ആരോപിച്ച് എപ്സ്റ്റീൻ കേസിലെ ഇര. കഴിഞ്ഞ ദിവസം പുറത്തുവിട്ട രേഖകളിൽ നിരവധി തവണ തന്റെ പേര് പരാമർശിക്കുന്നുണ്ടെന്ന ആരോപണമാണ് ഉയർത്തിയത്. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് അവരുടെ പരാമർശം.
2009ലാണ് ഇവർ എപ്സ്റ്റീനിന്റെ അതിക്രമത്തിനിരയായത്. തുടർന്ന് ആ വർഷം തന്നെ അവർ എഫ്.ബി.ഐക്ക് പരാതിയും നൽകി. കോടതി എപ്സ്റ്റീനെ ശിക്ഷിക്കുകയും ചെയ്തു. എന്നാൽ, 13 മാസം മാത്രമാണ് ഇയാൾ ജയിലിൽ കിടന്നത്.
യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട രേഖകളിൽ പേര് വന്നതോടെ തനിക്ക് നിരവധി ഫോണുകോളുകളാണ് വരുന്നതെന്ന് ഇവർ പറയുന്നു. വകുപ്പുമായി നിരവധി തവണ ബന്ധപ്പെട്ടുവെങ്കിലും പേര് രേഖകളിൽനിന്നും ഒഴിവാക്കാൻ അവർ തയാറായിട്ടില്ല. താൻ ഉൾപ്പെടുന്ന ഇരകളുടെ പേര് മറക്കുന്നതിൽ യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വലിയ വീഴ്ച വരുത്തിയെന്നും അവർ ആരോപിക്കുന്നു. യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിട്ടതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തുന്നത്. എന്നാൽ, ഇതിലൊന്നും ഏജൻസിക്ക് വിശദീകരണമില്ല.
എപ്സ്റ്റീൻ ഫയലുകളിൽ നിന്ന് നീക്കം ചെയ്ത ട്രംപിന്റെ ചിത്രങ്ങൾ യു.എസ് പുനഃസ്ഥാപിച്ചു
വാഷിങ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ നിന്ന് നീക്കം ചെയ്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചിത്രങ്ങൾ പുനഃസ്ഥാപിച്ച് നീതിന്യായ വകുപ്പ്. ജെഫ്രി എപ്സ്റ്റീന്‍റെ 16ഓളം ചിത്രങ്ങൾ വെബ്സൈറ്റിൽ നിന്ന് കാണാതായെന്നായിരുന്നു റിപ്പോർട്ട്. എപ്സ്റ്റീനൊപ്പമുള്ള ട്രംപിന്‍റെയും മെലാനിയ ട്രംപിന്‍റെയും ഫോട്ടോകളും സ്ത്രീകളുടെ നഗ്ന ശരീരത്തിന്‍റെ ചിത്രീകരണങ്ങളുമാണ് വെള്ളിയാഴ്ച വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നത്.
ട്രംപ് ഒരു കൂട്ടം സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ഫോട്ടോയാണ് പുനഃസ്ഥാപിച്ചതിൽ ഒന്ന്. ഭാര്യ മെലാനിയ, എപ്സ്റ്റീൻ, അയാളുടെ പങ്കാളി ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രമാണ് മറ്റൊന്ന്.
ഇരകളുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനായാണ് ഫോട്ടോകൾ നീക്കിയതെന്നായിരുന്നു നീതിന്യായ വകുപ്പിന്റെ ന്യായീകരണം. സമൂഹമാധ്യമങ്ങളിലെ വ്യാപക പ്രതികരണങ്ങൾക്ക് ശേഷം ചിത്രങ്ങൾ പുനഃസ്ഥാപിക്കുകയായിരുന്നു. സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം എപ്സീറ്റിന്റെ ഇരകളുടെ ചിത്രങ്ങളല്ല ഇതിൽ ഉള്ളതെന്ന് ഉറപ്പിച്ച ശേഷമാണ് ചിത്രങ്ങൾ പുനഃസ്ഥാപിച്ചത്. ഈ ചിത്രങ്ങളിൽ മാറ്റം വരുത്തിയിട്ടുമിലല. എപ്സ്റ്റീൻ ഫയലുകളിൽ 16 ഫോട്ടോകൾ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.