കനത്തചൂടും വരണ്ട മരുഭൂമികളും കാണപ്പെടുന്ന സൗദി അറേബ്യയിൽ അപൂർവമായൊരു കാലാവസ്ഥ പ്രതിഭാസത്തിനാണ് ലോകം സാക്ഷ്യംവഹിക്കുന്നത്. ശൈത്യകാലത്ത് രാജ്യത്തിന്റെ ചില ഭാഗങ്ങൾ കനത്ത മഞ്ഞുവീഴ്ചയിൽ വെളുത്ത് മൂടപ്പെട്ട നിലയിലാണ്. വടക്കൻ സൗദി അറേബ്യയിലാണ് അപ്രതീക്ഷിതമായ മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്യുന്നത്. തബൂക്ക് പ്രവിശ്യ, ജബൽ അൽ-ലോസ് പോലുള്ള പർവത പ്രദേശങ്ങൾ, ഹെയിൽ മേഖലയും ചില ഉൾനാടൻ പ്രദേശങ്ങളിലുമാണ് മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്. ജബൽ അൽ-ലോസിലെ 2600 മീറ്റർ ഉയരമുളള പ്രദേശമായ ട്രോജന മഞ്ഞിൽ പുതഞ്ഞ നിലയിലാണ് കാണപ്പെടുന്നത്.
ഇവിടങ്ങളിൽ പുലർച്ചെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെയായി. മഞ്ഞുകട്ടകളും മഞ്ഞുവീഴ്ചയും ശക്തമായി അനുഭവപ്പെട്ടു. സാധാരണയായി സൗദി അറേബ്യയിൽ മഴ വളരെ കുറവാണ്. എന്നാൽ നിരവധി പ്രദേശങ്ങളിൽ വ്യാപകമായ മഴയും അനുഭവപ്പെടുന്നുണ്ട്. ബിർ ബിൻ ഹെർമാസ്, അൽ അയിന, അമ്മാർ, അൽഉല ഗവർണറേറ്റ്, ഷഖ്‌റ എന്നിവിടങ്ങളിലും പ്രാന്തപ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴ പെയ്തു.
റിയാദ്, ഖാസിം, കിഴക്കൻ മേഖലയുടെ ചില ഭാഗങ്ങളിൽ മിതമായതും ചിലയിടങ്ങളിൽ കനത്ത മഴയും പെയ്തു. ശീതകാലത്ത് അത്യധികം തണുപ്പ് അപൂർവമായാണ് അനുഭവപ്പെടാറുളളത്. എന്നാൽ ഇത്തവണ വ്യാപകമായ മഞ്ഞുവീഴ്ചയാണ് ഉണ്ടായത്. അസാധാരണമായ സംഭവമായാണ് കാലാവസ്ഥ വിദഗ്ധർ വിലയിരുത്തുന്നത്. നാഷനൽ സെന്‍റർ ഫോർ മെറ്റീരിയോളജി മഞ്ഞുവീഴ്ച നിരീക്ഷിക്കുന്നുണ്ട്. മധ്യ-വടക്കൻ പ്രദേശങ്ങളിലേക്ക് ശക്തമായ തണുത്ത വായു പ്രവാഹം മേഖലയിലേക്ക് കടന്നുവരികയും മഴമേഘങ്ങളുമായി ഇടപഴകുകയും ചെയ്തതാണ് ഉയർന്ന പ്രദേശങ്ങളിൽ മഴ മഞ്ഞുവീഴ്ചയായി മാറിയതെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ.
ഇത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും ലോകമെമ്പാടും ഇത്തരത്തിലുള്ള അസാധാരണ കാലാവസ്ഥ സംഭവങ്ങൾ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. മരുഭൂമിയിൽ മഞ്ഞുവീഴ്ച, അതിശക്തമായ മഴ, അസാധാരണ താപനില വ്യതിയാനം തുടങ്ങിയവ ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെ ലക്ഷണങ്ങളായേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
മഞ്ഞുമൂടിയ സൗദി പർവതനിരകളുടെ ചിത്രങ്ങളും മഞ്ഞുവീഴ്ചകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. മഞ്ഞ് മൂടിയ മരുഭൂമിയും മഞ്ഞിൽ നിൽക്കുന്ന ഒട്ടകങ്ങളും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തിട്ടുണ്ട്. അസാധാരണ കാലാവസ്ഥ തുടരുന്നതിനാൽ സൗദി ഭരണകൂടം കാലാവസ്ഥ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. യാത്രക്കാർക്കും തദ്ദേശവാസികൾക്കും ജാഗ്രത നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.