ലണ്ടൻ: ഇസ്രായേൽ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ഗസ്സയിൽ നിന്നും വിദഗ്ധ ചികിൽസക്കായി യു.കെയിലേക്ക് കൊണ്ടുവന്ന കുട്ടികളെ വില്യം രാജകുമാരൻ സന്ദർശിച്ചു. യു.കെയുടെ നാഷനൽ ഹെൽത്ത് സർവിസിന്റെ (എൻഎച്ച്എസ്) കീഴിലാണ് ഇവർക്ക് ചികിൽസ നൽകുന്നത്.
ഒരു കുട്ടിയും ഒരിക്കലും നേരിടാൻ പാടില്ലാത്ത കാര്യങ്ങൾ സഹിച്ചിട്ടും അവർ കാണിച്ച ധൈര്യത്തിൽ വില്യം രാജകുമാരൻ ‘പ്രചോദിതനായി’ എന്ന് കെൻസിംഗ്ടൺ കൊട്ടാരം പ്രസ്താവനയിൽ പറഞ്ഞു.
മെയ് മാസത്തിലാണ് ഗസ്സയിൽ നിന്നുള്ള രണ്ടു കുട്ടികളെ ആദ്യമായി വിദഗ്ധ മെഡിക്കൽ പരിചരണത്തിനായി യു.കെയിലേക്ക് കൊണ്ടുവന്നത്. നവംബർ 21വരെ അമ്പത് കുട്ടികളും അവരുടെ അടുത്ത കുടുംബങ്ങളും യു.കെയിലേക്ക് വന്നതായി എൻഎച്ച്എസ് പറഞ്ഞു.
സന്ദർശനത്തിലൂടെ കുട്ടികൾക്ക് ആശ്വാസ നിമിഷം പകരാൻ വെയിൽസ് രാജകുമാരൻ ആഗ്രഹിച്ചുവെന്ന് കെൻസിംഗ്ടൺ കൊട്ടാര വക്താവ് പറഞ്ഞു. ‘ഇത്രയും ദുഷ്‌കരമായ സമയത്ത് അസാധാരണമായ പരിചരണം നൽകുന്ന എൻ.എച്ച്.എസ് ടീമുകൾക്ക് വില്യം ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്നും വക്താവ്പറഞ്ഞു.
കുട്ടികളും അവരുടെ കുടുംബങ്ങളും കാണിച്ച ധൈര്യവും, പ്രൊഫഷണലിസവും മനുഷ്യത്വവും കൊണ്ട് അവരെ പിന്തുണക്കുന്ന സംഘത്തിന്റെ സമർപണവും രാജകുമാരനെ വളരെയധികം സ്പർശിച്ചുവെന്നും പ്രസ്താവന ചൂണ്ടിക്കാണിച്ചു.
2018ൽ, വെസ്റ്റ് ബാങ്കിലെ ഒരു ഫലസ്തീൻ അഭയാർത്ഥി ക്യാമ്പ് സന്ദർശിച്ച വില്യം ആ പ്രദേശത്തേക്ക് ഔദ്യോഗിക യാത്ര നടത്തിയ രാജകുടുംബത്തിലെ ആദ്യ അംഗമായി മാറിയിരുന്നു.
50 രോഗികൾക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും ഇപ്പോൾ സുരക്ഷിതമായ ചുറ്റുപാടുകളിൽ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഒരു സർക്കാർ വക്താവ് പറഞ്ഞു. വെടിനിർത്തലിനെത്തുടർന്ന്, കുടുംബങ്ങൾക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണം ലഭ്യമാകുന്നതിനായി സഹായം വർധിപ്പിക്കാനും ആവശ്യമരുന്നുകളും മെഡിക്കൽ സാധനങ്ങളും ഗസ്സയിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള സമയമാണിത്. ഗസ്സയിലെ ജനങ്ങൾക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട പിന്തുണ നൽകുന്നത് തുടരാൻ തങ്ങൾ തയ്യാറാണെന്നും കൊട്ടാരം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.