ചാൾസ് രാജകുമാരന്റെ ചാരിറ്റബിൾ ഫണ്ടിലേക്ക് ഉസാമ ബിൻലാദന്റെ കുടുംബത്തിൽനിന്ന് വൻതുക സംഭാവന സ്വീകരിച്ചെന്ന് റിപ്പോർട്ട്

ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ സ്ഥാപിച്ച ചാരിറ്റബിൾ ഫണ്ട് (പി.ഡബ്ല്യു.സി.എഫ്) 2013ൽ കൊല്ലപ്പെട്ട അൽഖായിദ നേതാവ് ഉസാമ ബിൻ ലാദന്റെ കുടുംബത്തിൽനിന്ന് സംഭാവന സ്വീകരിച്ചതായി റിപ്പോർട്ട്. ബ്രിട്ടനിൽനിന്നിറങ്ങുന്ന 'ദ സൺഡേ ടൈംസ്' പത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്.

ചാൾസ് രാജകുമാരൻ അൽ ഖായിദ സ്ഥാപകന്റെ അർധസഹോദരൻ ബക്കറുമായി ലണ്ടനിൽ കൂടിക്കാഴ്ച നടത്തുകയും ഒരു ദശലക്ഷം പൗണ്ട് സ്വീകരിക്കാൻ സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു. രാജകുടുംബത്തിന്റെ ഏറ്റവും അടുത്ത ഉപദേശകരിൽ പലരും ബ്രിട്ടന്റെ കിരീടാവകാശിയായ ചാൾസിനോട് പണം തിരികെ നൽകാൻ പ്രേരിപ്പിച്ചതായും റിപ്പോർട്ടിലുണ്ട്.

എന്നാൽ, തീരുമാനത്തിൽ അദ്ദേഹത്തിന് വ്യക്തിപരമായി പങ്കുണ്ടെന്ന ആരോപണം അദ്ദേഹത്തിന്റെ ക്ലാരൻസ് ഹൗസ് ഓഫിസ് നിഷേധിച്ചു. പ്രിൻസ് ഓഫ് വെയിൽസിന്റെ ചാരിറ്റബിൾ ഫണ്ട് (പി.ഡബ്ല്യു.സി.എഫ്) ഈ സംഭാവന സ്വീകരിക്കുന്നതിൽ വളരെയധികം ശ്രദ്ധ പുലർത്തിയതായി ഞങ്ങൾക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്ന് ക്ലാരൻസ് ഹൗസ് വക്താവ് പറഞ്ഞു. "ഇത് അംഗീകരിക്കാനുള്ള തീരുമാനം ചാരിറ്റിയുടെ ട്രസ്റ്റികൾ എടുത്തതാണ്, അല്ലാതെ അതിനെ ചിത്രീകരിക്കാനുള്ള ഏതൊരു ശ്രമവും തെറ്റാണ്", വക്താവ് പറഞ്ഞു. അതേസമയം, 2013ൽ ഷെയ്ഖ് ബക്കർ ബിൻ ലാദനിൽ നിന്നുള്ള സംഭാവന അക്കാലത്ത് പി.ഡബ്ല്യു.സി.എഫ് ട്രസ്റ്റികൾ ശ്രദ്ധാപൂർവം പരിഗണിച്ചിരുന്നതായി പ്രിൻസ് ഓഫ് വെയിൽസിന്റെ ചാരിറ്റബിൾ ഫണ്ട് അധികൃതർ പറഞ്ഞു.

2001 സെപ്തംബർ 11ന് യു.എസിൽ മൂവായിരത്തോളം പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഉസാമ ബിൻ ലാദനാണെന്നായിരുന്നു ആരോപണം. ഒസാമയെ പാകിസ്താനിൽ യു.എസ് പ്രത്യേക സേന കൊലപ്പെടുത്തി രണ്ട് വർഷത്തിന് ശേഷമാണ് സൗദിയിലെ സമ്പന്ന കുടുംബത്തിലെ അംഗമായ ബക്കറുമായി ചാൾസിന്റെ കൂടിക്കാഴ്ച നടന്നതെന്ന് 'ദ സൺഡേ ടൈംസ്' റിപ്പോർട്ടിൽ അവകാശപ്പെടുന്നു.

പ്രിൻസ് ഓഫ് വെയിൽസിന്റെ ചാരിറ്റബിൾ ഫണ്ട് 1979ലാണ് സ്ഥാപിതമായത്. വിവിധ രാജ്യങ്ങളിലെ പദ്ധതികൾക്കായി യു.കെയിൽ രജിസ്റ്റർ ചെയ്ത ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഇത് ഗ്രാന്റുകൾ നൽകുന്നുണ്ട്.

Tags:    
News Summary - Prince Charles’ charity accepted donation from Osama Bin Laden's family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.