റോം: ഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണ്ണമായി. ചൊവ്വാഴ്ച നടത്തിയ സി.ടി സ്കാനിൽ മാർപാപ്പയുടെ രണ്ട് ശ്വാസകോശ അറകളിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയതായി വത്തിക്കാൻ അറിയിച്ചു.
കടുത്ത ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മാർപ്പാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി ആശുപത്രിയിൽ തുടരുകയാണ് 88 വയസ്സുകാരനായ അദ്ദേഹം.
അൽപം സങ്കീർണമായ അണുബാധയാണുള്ളതെന്നും കൂടുതൽ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു.
സമീപ ദിവസങ്ങളിൽ നടത്തിയ പരിശോധനകളുടെ ഫലങ്ങൾ മാർപ്പാപ്പയുടെ ശ്വസനനാളിയിൽ പോളിമൈക്രോബിയൽ അണുബാധയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പൊതുപരിപാടികൾ റദ്ദാക്കി. ഞായറാഴ്ച കുർബാനയ്ക്കു മാർപാപ്പയ്ക്കു പകരം മുതിർന്ന കർദിനാൾ കാർമികനാകും.
2013 മുതൽ കത്തോലിക്കാ നേതാവാണ് ഫ്രാൻസിസ് മാർപാപ്പ. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹത്തിന് പലപ്പോഴായി പനിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. ചെറുപ്പത്തിൽ അദ്ദേഹത്തിന് പ്ലൂറിസി ബാധിച്ച് ശ്വാസകോശങ്ങളിലൊന്ന് ഭാഗികമായി നീക്കം ചെയ്തതാണ്. അതാണ് ഇടക്കിടെ അണുബാധയുണ്ടാകാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.