ഇറ്റലിക്കാർ കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കണം; കുട്ടികൾക്ക് പകരം വീടുകളിലുള്ളത് പട്ടികളും പൂച്ചകളും -മാർപാപ്പ

റോം: ഇറ്റലിയടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന ജനസംഖ്യ പ്രതിസന്ധി പരിഹരിക്കാൻ നിർദേശവുമായി ഫ്രാൻസിസ് മാർപാപ്പ. ജനസംഖ്യ കുത്തനെ കുറയുന്നത് തടയാൻ ഇറ്റലിയിലെ അമ്മമാർ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കുടുംബ ജീവിതത്തിന്റെ മഹത്വം വിവരിക്കുന്ന പരിപാടിയിലാണ് മാർപാപ്പയുടെ പ്രതികരണം. കുട്ടികളും ചെറുപ്പക്കാരുമില്ലാത്ത രാജ്യത്തിന് ഭാവിയെ കുറിച്ചുള മോഹം നഷ്ടമാകും. കുഞ്ഞുങ്ങൾ ജനിക്കാത്തതല്ല പ്രശ്നങ്ങളുടെ മൂലകാരണം. സ്വാർഥത, ഉപഭോക സംസ്കാരം, വ്യക്തി മാഹാത്മ്യ വാദം എന്നിവ ആളുകളെ അസന്തുഷ്ടരാക്കി മാറ്റിയതാണ് പ്രശ്നം. ഇപ്പോൾ കുട്ടികളില്ലാതെ വീടുകളിൽ പട്ടികളും പൂച്ചകളും നിറഞ്ഞിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ഫലപ്രദമായ ദീർഘകാല സമീപനങ്ങൾ ആവശ്യമാണെന്നും മാർപാപ്പ പറഞ്ഞു.

ഇറ്റലിയിൽ 2023ൽ ജനന നിരക്ക് റെക്കോഡ് നിരക്കിൽ താഴ്ന്നിരുന്നു. കഴിഞ്ഞ 15 വർഷമായി രാജ്യത്തെ ജനസംഖ്യ കുറഞ്ഞുവരികയാണ്. 379,000 കുഞ്ഞുങ്ങളാണ് കഴിഞ്ഞ വർഷം ഇറ്റലിയിൽ ജനിച്ചത്. ഈ സാഹചര്യം മറികടക്കാൻ മാറിവന്ന സർക്കാരുകൾക്ക് സാധിച്ചിട്ടില്ല. രക്ഷാകർത്തൃത്വത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മാർപാപ്പ സ്വാഭാവിക കുടുംബാസൂത്രണ രീതികൾ നിർദേശിക്കുകയും ചെയ്തു.

2033 ഓടെ പ്രസവിക്കുന്ന കുഞ്ഞുങ്ങളു​ടെ എണ്ണം 500,000 ആക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോവുകയാണ് ഇറ്റലിയിലെ തീവ്രവലതുപക്ഷ സർക്കാർ. ജോർജിയ മെലോണിയാണ് ഇപ്പോൾ ഇറ്റാലിയാൻ പ്രധാനമന്ത്രി.

യൂറോപ്പിൽ ഏറ്റവും ജനനനിരക്ക് കുറഞ്ഞ രാജ്യം ഗ്രീസ് ആണ്. വർഷങ്ങളായി ഗ്രീസിലെ ചില ഗ്രാമങ്ങളിൽ കുഞ്ഞുങ്ങൾ ജനിക്കാറേയില്ല. ജനന നിരക്ക് വർധിപ്പിക്കാനുള്ള നടപടികൾക്ക് ഒരുങ്ങുകയാണ് സർക്കാർ. കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിന് കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം, യുവ ദമ്പതികൾക്ക് വീട്, ഇൻസന്റീവുകൾ തുടങ്ങിയ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Tags:    
News Summary - Pope calls for Italians to have more babies as birthrate drops across Europe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.