ലാഹോർ: ഭീകരത ഉൾപ്പെടെ നിരവധി ഗുരുതര കുറ്റങ്ങൾ ചുമത്തി പഞ്ചാബ് പൊലീസ് പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പി.ടി.ഐ) അധ്യക്ഷനുമായ ഇംറാൻ ഖാനെതിരായ കേസെടുത്തു.
ഇംറാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസും പാർട്ടി പ്രവർത്തകരും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത സംഘർഷമാണ് അദ്ദേഹത്തിന്റെ വസതിക്കുമുന്നിലുണ്ടായത്. പിന്നീട് വ്യാഴാഴ്ച രാവിലെ പത്തുവരെ അറസ്റ്റ് നടപടികൾ നിർത്തിവെക്കാൻ ലാഹോർ ഹൈകോടതി ഉത്തരവിട്ടതോടെ പൊലീസ് വസതിയിൽനിന്ന് പിൻവാങ്ങുകയായിരുന്നു.
അഴിമതി കേസിൽ (തോഷഖാന കേസ്) അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനുനേരെ 2,500 പാർട്ടി പ്രവർത്തകരെ ഇംറാൻ ഖാൻ ഇളക്കിവിട്ടെന്ന് പൊലീസ് പറയുന്നു. പി.ടി.ഐ പ്രവർത്തകർ പൊലീസ് വാഹനങ്ങൾ തകർക്കുകയും പൊലീസിനുനേരെ പെട്രോൾ ബോംബ് എറിയുകയും ചെയ്തു. നിരവധി പേർക്ക് ഇതിൽ പരിക്കുപറ്റി -പൊലീസ് വ്യക്തമാക്കി.
70 വയസ്സുള്ള ഇംറാനെതിരെ പാകിസ്താനിൽ 83 കേസുകളുണ്ട്. അതിനിടെ, തന്നെ പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ച് കൊല്ലാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ഇംറാൻ ഖാൻ ആരോപിച്ചു. സമാൻ പാർക്കിലെ വസതിയിൽ മുതിർന്ന മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകൂട ഗൂഢാലോചനയുടെ ഭാഗമായി മുതിർന്ന പാർട്ടി നേതാക്കൾ കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവങ്ങളും ഇംറാൻ ഖാൻ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.