ബർലിൻ: ജർമനിയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിന്നും രക്ഷപ്പെടാൻ താഴേക്ക് ചാടിയ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഉപരിപഠനത്തിനായി ജർമനിയിലേക്ക് പോയ തെലങ്കാന ജങ്കാൻ ജില്ലയിലെ മൽകാപൂർ സ്വദേശി തൊക്കാല ഋത്വിക് റെഡ്ഡി(22) യാണ് മരിച്ചത്.
ഋത്വിക് താമസിച്ചിരുന്ന കെട്ടിടത്തിൽ തീ പിടിച്ചതിനെ തുടർന്ന് രക്ഷപ്പെടാൻ വേണ്ടി അപ്പാർട്ട്മെന്റിൽ നിന്ന് താഴേക്ക് ചാടിയതായിരുന്നു. പരിഭ്രാന്തനായ ഋത്വിക് ജനാല വഴിയാണ് പുറത്തേക്ക് ചാടിയത്. പെട്ടന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ തലക്കേറ്റ ഗുരതര പരിക്കാണ് മരണത്തിന് കാരണമായത്. പരിക്കേറ്റ ഋത്വികിനെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
2023 ലാണ് ഉപരിപഠനത്തിന് വേണ്ടി ഋത്വിക് യൂറോപ്പ് സർവകലാശാലയിലെത്തിയത്. ബെർലിനിലെ പോട്‌സ്ഡാമിലെ യൂണിവേഴ്‌സിറ്റി ഓഫ് യൂറോപ്പ് ഫോർ അപ്ലൈഡ് സയൻസസിൽ ബിരുദാനന്തര ബിരുദം നേടുകയായിരുന്നു ഋത്വിക്. സംക്രാന്തി ആഘോഷത്തോടടുപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് ദുരന്തം.
അപ്പാർട്ട്മെന്റിൽ തീപിടിത്തം ഉണ്ടാവാനുള്ള കാരണത്തെ കുറിച്ച് ജർമൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഋത്വികിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.